അഹമ്മദാബാദ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ജീവൻമരണ പോരാട്ടത്തിനു ഇറങ്ങുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം മാർച്ച് നാലിന് ആരംഭിക്കും. ജയമോ സമനിലയോ അല്ലാതെ മറ്റൊരു ഫലവും ഇന്ത്യയെ തൃപ്തിപ്പെടുത്തില്ല.
ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് പ്രവേശിക്കാൻ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ചുരുങ്ങിയപക്ഷം സമനിലയെങ്കിലും ആകണം. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റാൽ പോയിന്റ് പട്ടികയിൽ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലൻഡിനൊപ്പം ഓസ്ട്രേലിയ ഫൈനൽ കളിക്കുകയും ചെയ്യും. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇപ്പോൾ 2-1 എന്ന നിലയിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചാൽ ടെസ്റ്റ് പരമ്പര സമനിലയാകും. എന്നാൽ, അവസാന ടെസ്റ്റിൽ ജയിച്ചാലും ഇംഗ്ലണ്ടിന് ഫൈനൽ പ്രവേശനം സാധ്യമല്ല.
Read Also: ഇനിയും ‘പടിക്കൽ’ നിർത്തില്ല; യുവതാരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത തെളിയുന്നു
നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ആയിരിക്കും പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുക. ഇഷാന്ത് ശർമ ടീമിൽ തുടരും. സ്പിന്നർമാരായി അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ആർ.അശ്വിൻ എന്നിവർ അവസാന ഇലവനിൽ ഉണ്ടാകും.
സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, ഇഷാന്ത് ശർമ