അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്‌ച മുതൽ. മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നാലാം മത്സരവും നടക്കുക. നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഒന്നാം ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ച് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യൻ സമയം രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. നാളെ ഒൻപത് മണിക്കാണ് ടോസ്. സ്റ്റാർ സ്‌പോർട്‌സ് 1 ൽ മത്സരം തത്സമയം കാണാൻ സാധിക്കും.

ഏറെ പ്രത്യേകതകളുള്ള ടെസ്റ്റ് മത്സരമാണ് നാളെ മൊട്ടേരയിൽ ആരംഭിക്കുന്നത്. മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിനു അനുയോജ്യമല്ലെന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. പിച്ച് ക്യൂറേറ്റർമാക്കെതിരെ ഇംഗ്ലണ്ട് താരങ്ങളടക്കം രംഗത്തെത്തിയ സാഹചര്യത്തിൽ നാലാം ടെസ്റ്റ് നിർണായകമാണ്.

മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും നാളെ മുതൽ ഓസ്‌ട്രേലിയയ്‌ക്കും നെഞ്ചിടിപ്പ് ഉണ്ടാകും. നാലാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയാൽ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിൽ പ്രവേശിക്കാൻ ഓസ്ട്രേലിയയ്‌ക്ക് സാധിക്കും. അതിനാൽ, നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ പൂർണ പിന്തുണയും ഇംഗ്ലണ്ടിന് ലഭിക്കും. ആഷസ് പരമ്പരയിൽ അടക്കം ചിരവെെരികളായി ഏറ്റുമുട്ടുന്ന ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും എന്നതാണ് ശ്രദ്ധേയമായ കാര്യം.

Read Also: ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളിൽനിന്നു വീണ് ഫഹദ് ഫാസിലിന് പരുക്ക്

അതേസമയം, ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്ക് പ്രവേശിക്കാൻ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ചുരുങ്ങിയപക്ഷം സമനിലയെങ്കിലും ആകണം. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റാൽ പോയിന്റ് പട്ടികയിൽ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലൻഡിനൊപ്പം ഓസ്ട്രേലിയ ഫൈനൽ കളിക്കുകയും ചെയ്യും. നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റിൽ ജയിച്ചാലും ഇംഗ്ലണ്ടിന് ഫൈനൽ പ്രവേശനം സാധ്യമല്ല. നാലാം ടെസ്റ്റിൽ ജയിച്ചാൽ ഇന്ത്യയുടെ ഫെെനൽ പ്രവേശനം മുടക്കി ഓസ്ട്രേലിയയ്‌ക്ക് അവസരം നൽകാൻ ഇംഗ്ലണ്ടിന് സാധിക്കും. അതിനാൽ തന്നെ അഹമ്മദാബാദിൽ തീപാറും.

ജസ്‌പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ നാളെ കളത്തിലിറങ്ങുക. ബുംറയ്‌ക്ക് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ആയിരിക്കും പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുക. ഇഷാന്ത് ശർമ ടീമിൽ തുടരും. സ്‌പിന്നർമാരായി അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ആർ.അശ്വിൻ എന്നിവർ അവസാന ഇലവനിൽ ഉണ്ടാകും.

സാധ്യത ഇലവൻ: ശുഭ്‌മാൻ ഗിൽ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, ഇഷാന്ത് ശർമ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook