അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം. ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. രണ്ട് ദിവസം ശേഷിക്കെയാണ് നാലാം ടെസ്റ്റിൽ ഇന്ത്യ ഗംഭീര വിജയം നേടിയത്. ഇതോടെ നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ സാധിച്ചത്.

നാലാം ടെസ്റ്റ്, സ്കോർബോർഡ്

ഒന്നാം ഇന്നിങ്സ്

ഇംഗ്ലണ്ട് 205-10
ഇന്ത്യ 365-10

ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്സിൽ 160 റൺസ് ലീഡ്

രണ്ടാം ഇന്നിങ്സ്

ഇംഗ്ലണ്ട് 135-10

ഇന്ത്യയ്‌ക്ക് ഇന്നിങ്സിനും 25 റൺസിനും ജയം

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 365 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 205 റൺസിൽ അവസാനിച്ചിരുന്നു. റിഷഭ് പന്തിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സിൽ മികച്ച ലീഡ് നൽകിയത്.

റിഷഭ് പന്ത് 101 റൺസും വാഷിങ്ടൺ സുന്ദർ 96 റൺസുമെടുത്തു. തുടർച്ചയായി വിക്കറ്റുകൾ വീണ് ഇന്ത്യൻ നില പരുങ്ങലിലായപ്പോഴാണ് പന്തും സുന്ദറും ചേർന്ന് ഇന്ത്യയെ കൈപിടിച്ച് ഉയർത്തിയത്. റിഷഭ് പന്ത് സെഞ്ചുറി നേടിയ ശേഷം ഇന്നലെ പുറത്തായി. മൂന്നാം ദിനം ഇന്ത്യയെ കൂടുതൽ സുരക്ഷിതമാക്കിയത് സുന്ദറിന്റെ പ്രകടനമാണ്. സുന്ദറിന് കെെയെത്തും ദൂരത്താണ് സെഞ്ചുറി നഷ്‌ടമായത്. 174 പന്തിൽ പത്ത് ഫോറും ഒരു സിക്‌സും അടങ്ങിയതാണ് സുന്ദറിന്റെ ഇന്നിങ്സ്. രോഹിത് ശർമ്മയുടെ 49 റൺസും അക്ഷർ പട്ടേലിന്റെ 43 റൺസും ഇന്ത്യൻ ലീഡ് ഉയർത്താൻ സഹായകമായി.

മൂന്നാം ദിനത്തിൽ അക്ഷർ പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 43 റൺസെടുത്ത പട്ടേൽ റൺഔട്ടാവുകയായിരുന്നു. വാഷിങ്ടൺ സുന്ദറിനൊപ്പം എട്ടാം വിക്കറ്റിൽ 106 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു അക്ഷർ പട്ടേലിന്റെ മടക്കം. പട്ടേലിനു പിന്നാലെ എത്തിയ ഇഷാന്ത് ശർമ്മ ആദ്യ പന്തിൽ തന്നെ പുറത്തായി. മുഹമ്മദ് സിറാജും റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 96 റൺസുമായി പുറത്താകാതെ നിന്ന സുന്ദറിന് കന്നി സെഞ്ചുറിയെന്ന മോഹം ഇതോടെ നഷ്ടമായി.

Read More: പന്തിന്റെ സെഞ്ചുറി ആഘോഷിക്കാൻ ഡ്രസിങ് റൂം ബാൽക്കണയിലേക്ക് ഓടിയെത്തിയ കോഹ്‌ലി, വീഡിയോ

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല. അർധ സെഞ്ചുറി നേടിയ ഡാനിയൽ ലോറൻസ് മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതി നോക്കിയത്. 95 പന്തിൽ ആറ് ഫോറുകളുമായി 50 റൺസ് നേടിയ ലോറൻസിനെ അശ്വിൻ പുറത്താക്കിയതോടെ ഇന്ത്യ വിജയം കുറിച്ചു. അക്ഷർ പട്ടേലും രവിചന്ദ്രൻ അശ്വിനും അഞ്ച് വീതം വിക്കറ്റുകൾ നേടി ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് 30 റൺസ് നേടി. ഇംഗ്ലണ്ട് നിരയിലെ ആറ് പേർ രണ്ടക്കം കാണാതെ പുറത്തായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിലേക്ക് ഇന്ത്യ യോഗ്യത നേടി. ഐസിസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫെെനലിലേക്ക് പ്രവേശിച്ചത്. ഫെെനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook