അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. റിഷഭ് പന്തിന്റെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ സ്കോർനില ഉയർത്തിയത്. 101 റൺസെടുത്താണ് പന്ത് പുറത്തായത്. വാഷിങ്ടൺ സുന്ദർ അർധ സെഞ്ചുറി നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന നിലയിലാണ്. ഇന്ത്യയ്ക്ക് 67 റൺസിന്റെ ലീഡുണ്ട്.

ശുഭ്മാൻ ഗിൽ (0), രോഹിത് ശർമ്മ (49), ചേതേശ്വർ പൂജാര (17), വിരാട് കോഹ്‌ലി (0), അജിങ്ക്യ രഹാനെ (27), രവിചന്ദ്രൻ അശ്വിൻ (13), റിഷഭ് പന്ത് (101) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 50 റൺസുമായി വാഷിങ്ടൺ സുന്ദറും 5 റൺസുമായി അക്ഷർ പട്ടേലുമാണ് ക്രീസിൽ.

rishabh pant, ie malayalam

രണ്ടാം ദിനം തുടക്കത്തിൽ ചേതേശ്വർ പൂജാരയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 17 റൺസെടുത്ത പൂജാരയെ ലീച്ചാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ റൺസൊന്നും എടുക്കാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും മടങ്ങി. 27 റൺസെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റ് സ്റ്റോക്സ് വീഴ്ത്തിയതോടെ ഇന്ത്യൻ നില പരുങ്ങലിലായി. എന്നാൽ രോഹിത്തിന്റെയും റിഷഭ് പന്തിന്റെയും ബാറ്റിങ് കരുത്തിൽ ഇന്ത്യ മുന്നേറി. ഒടുവിൽ അർധ സെഞ്ചുറിക്ക് ഒരു റൺസ് അകെല രോഹിത്തിനെ സ്റ്റോക്സ് വീഴ്ത്തി. പിന്നീട് റിഷഭ് പന്തും വാഷിങ്ടൺ സുന്ദറും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി. പന്ത് സെഞ്ചുറിയെടുത്ത് പുറത്തായി.

ഇന്ത്യ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലായിരുന്നു. ഓപ്പണർ ശുഭ്മാൻ ഗിൽ റൺസൊന്നും നേടാതെ പുറത്തായി. 34 പന്തിൽ എട്ട് റൺസ് നേടിയ രോഹിത് ശര്‍മയും 36 പന്തിൽ 15 റൺസ് നേടിയ ചേതേശ്വർ പൂജാരയുമായിരുന്നു ക്രീസിൽ.

rohit sharma, ie malayalam

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 205 റൺസിന് ഓൾഔട്ടായിരുന്നു. 75.5 ഓവറിലാണ് ഇംഗ്ലണ്ട് 205 റൺസ് നേടി പുറത്തായത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ നാലും അശ്വിൻ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് നേടി.

Read More: സ്റ്റോക്സും കോഹ്‌ലിയും തമ്മിൽ വാക്കുതർക്കം, ഇടപെട്ട് അംപയർ; വീഡിയോ

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ ക്രാവ്‌ലി ഒൻപത് റൺസും സിബ്‌ലി രണ്ട് റൺസും റൂട്ട് അഞ്ച് റൺസും നേടിയാണ് പുറത്തായത്. ക്രാവ്‌ലിയെയും സിബ്‌ലിയെയും അക്ഷർ പട്ടേൽ പുറത്താക്കിയപ്പോൾ റൂട്ടിനെ സിറാജ് വീഴ്‌ത്തി. അർധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദറാണ് പുറത്താക്കിയത്. 55 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഒന്നാം ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ച് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്ക് പ്രവേശിക്കാൻ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ചുരുങ്ങിയപക്ഷം സമനിലയെങ്കിലും ആക്കണം. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റാൽ പോയിന്റ് പട്ടികയിൽ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലൻഡിനൊപ്പം ഓസ്ട്രേലിയ ഫൈനൽ കളിക്കുകയും ചെയ്യും. അതിനാൽ തന്നെ നാലാം ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook