ഹെഡിങ്‌ലെ: ഇംഗ്ലണ്ടിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ഇംഗ്ലണ്ടിന്റെ മൂർച്ചയേറിയ ബോളിങ് നിരയ്ക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്സ്‌മാന്മാർ പതറിയെങ്കിലും പൊരുതിനിന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 256 റൺസ് നേടിയത്.

നായകൻ വിരാട് കോഹ്‌ലി (71) അർദ്ധസെഞ്ചുറി നേടി പുറത്തായി. ശിഖർ ധവാൻ (44), ധോണി (42) എന്നിവർക്ക് പുറമെ ഷർദ്ദുൽ താക്കൂർ പുറത്താകാതെ 22 നേടി. 49-ാം ഓവറിൽ ബെൻ സ്റ്റോക്സിനെ രണ്ട് സിക്സർ പറത്തിയ ഷർദ്ദുൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 250 ൽ കടത്തിയത്.

ദിനേശ് കാർത്തിക്, ഹാർദ്ദിക് പട്ടേൽ, ഭുവനേശ്വർ കുമാർ എന്നിവർ 21 റൺസ് വീതം നേടി. പതർച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മയെ നഷ്ടമായി. 18 പന്തിൽ രണ്ട് റൺസായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം.

ആദിൽ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് നിരയിൽ മികച്ചുനിന്നു. ബോളിങ്ങിന് അനുകൂലമായ ഹെഡിങ്‌ലെയിലെ പിച്ചിൽ കഴിഞ്ഞ നാല് ഏകദിനങ്ങളിലും ഇംഗ്ലണ്ടിനായിരുന്നു വിജയം. 2014 ൽ ഇന്ത്യയെ 41 റൺസിന് തോൽപ്പിച്ചായിരുന്നു തുടക്കം. 2015 ൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിനും 2016 ൽ ശ്രീലങ്കയെ മൂന്ന് വിക്കറ്റിനും തോൽപ്പിച്ച അവർ കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയെ ഇതേ മൈതാനത്ത് 72 റൺസിനാണ് തോൽപ്പിച്ചത്.

ഇന്ത്യയെ ചെറിയ സ്കോറിൽ ഒതുക്കി മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കാനായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ കണക്കുകൂട്ടൽ. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു. ആദ്യ 18 പന്തുകളിൽ പേസ് ബോളിങ്ങിന് മുന്നിൽ വിറച്ച് നിന്ന ഹിറ്റ്മാൻ ബൗണ്ടറി നേടാനുളള ശ്രമത്തിൽ ഡേവിഡ് വില്ലിക്ക് ക്യാച്ച് നൽകി മടങ്ങി. ഇന്ത്യൻ സ്കോർ ഈ സമയത്ത് 18 റൺസിലായിരുന്നു.

എന്നാൽ ശിഖർ ധവാന് കൂട്ടായി നായകൻ വിരാട് കോഹ്‌ലി എത്തിയതോടെ കളി മാറി. പതിയെ റൺറേറ്റ് ഉയർത്തിയ ഇരുവരും കൃത്യമായ ഇടവേളകളിൽ ബൗണ്ടറി നേടി. ടീം സ്കോർ 84 നിൽക്കെയാണ് ധവാൻ മടങ്ങിയത്. 49 പന്തിൽ 44 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.

നാലാമനായി ക്രീസിലെത്തിയ ദിനേശ് കാർത്തിക് ആക്രമിച്ചാണ് ബാറ്റ് വീശിയതെങ്കിലും ആദിൽ റഷീദിന്റെ കറങ്ങിത്തിരിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡായി. വിക്കറ്റ് വീഴാതെ കാക്കേണ്ടതിനാൽ ബാറ്റിങ് ഓർഡറിൽ ഒരു സ്ഥാനം മാറിക്കയറി മഹേന്ദ്ര സിങ് ധോണി. ഇരുവരും ചേർന്നുളള രക്ഷാപ്രവർത്തനം ഒരറ്റത്ത് ആരംഭിച്ചെങ്കിലു വീണ്ടും വില്ലനായി ആദിൽ രംഗപ്രവേശം ചെയ്തു. 72 പന്തിൽ 71 റൺസുമായി കോഹ്‌ലിയാണ് നാലാമനായി മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook