ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് കാലിടറുന്നു. ലോർഡ്സിലെ പേസ് വിക്കറ്റിൽ ഒന്നാമിന്നിംഗ്സിൽ കരുതലോടെ ബാറ്റ് വീശുന്ന ഇംഗ്ലണ്ട് ലീഡ് നില 250 ആക്കി ഉയർത്തി. ക്രിസ് വോക്സിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ മികവിൽ ആറ് വിക്കറ്റിന് 357 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ക്രിസ് വോക്സി(120)ന് കൂട്ടായി ജോണി ബെയർസ്റ്റോ(93) വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അഞ്ച് വിക്കറ്റിന് 131 റൺസ് എന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ടിനെ ക്രിസ് വോക്സും ബെയർസ്റ്റോയും ചേർന്നുളള സഖ്യം കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 189 റൺസ് നേടി. സാം കുറനാണ്(22) വോക്സിനൊപ്പം ഇപ്പോൾ ക്രീസിൽ.
എട്ടാം ഓവറിൽ ഇംഗ്ലണ്ട് ഓപ്പണർ കീറ്റൻ ജെന്നിങ്ങിസിനെ (11) മടക്കി, മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. അലയ്സ്റ്റർ കുക്കും (21) തൊട്ടടുത്ത ഓവറിൽ പുറത്തായതോടെ ഇന്ത്യ, ഇംഗ്ലണ്ടിന് അതേ ഭാഷയിൽ മറുപടി നൽകുകയാണെന്ന് വന്നു.
എന്നാൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും അരങ്ങേറ്റക്കാരൻ ഒലി പോപ്പും വളരെ ശ്രദ്ധയോടെയാണ് പിന്നീട് ബാറ്റു വീശിയത്. കോഹ്ലി കുൽദീപിനെ ഇറക്കിയിട്ടും രക്ഷകാണാതെ വന്നതോടെ ഹർദ്ദിക് പാണ്ഡ്യയെ പന്തെറിയാൻ വിളിച്ചു. അത് വിജയം കണ്ടു. ഹാർദിക് പോപ്പിനെ (28) വീഴ്ത്തി. ഹാർദികിന്റെ ഇൻസ്വിങ്ങറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പോപ്പ് പുറത്ത്.
മികച്ച രീതിയിൽ ബാറ്റുചെയ്തിരുന്ന റൂട്ട് ഉച്ചഭക്ഷണത്തിനു മുൻപുള്ള അവസാന പന്തിൽ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ 4–89 എന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യ സെഷൻ അവസാനിപ്പിച്ചു. ജോസ് ബട്ലറുടെ (24) വിക്കറ്റും വീഴ്ത്തി ഷമി ഇംഗ്ലണ്ടിനെ 5–131 എന്ന നിലയിലാക്കി. എന്നാൽ കളി അനായാസമാണെന്ന് കരുതിയ ഇന്ത്യയ്ക്ക് പിന്നീട് ചുവടുറപ്പിക്കാനായില്ല. സെഞ്ചുറിയിലേക്കു കുതിച്ച ബെയർസ്റ്റോയെ ഹാർദിക് മടക്കിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് സുരക്ഷിതമായ നിലയിൽ എത്തിയിരുന്നു.