ലണ്ടന്‍: നാണക്കേടിന്റെ ചരിത്രം മാറ്റിയെഴുതുക എന്ന ലക്ഷ്യവുമായി ഇന്ത്യയിന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇറങ്ങും. ഇംഗ്ലണ്ടില്‍ വെള്ളക്കുപ്പായത്തില്‍ കളിച്ചപ്പോഴൊക്കെ അത്ര നല്ല ഓര്‍മ്മകളല്ല കൈയ്യിലുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ അത് മാറ്റി എഴുതണമെന്ന് തന്നെയാണ് കോഹ്‌ലിയുടെയും സംഘത്തിന്റേയും ലക്ഷ്യം. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ കോഹ്‌ലി അത് അടിവരയിട്ടു പറയുകയും ചെയ്തു.

തനിക്ക് ഒന്നും തെളിയിക്കാനില്ലെന്നും മാധ്യമ വാര്‍ത്തകളെ ഗൗനിക്കാറില്ലെന്നും പറഞ്ഞ കോഹ്‌ലി ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ലക്ഷ്യമെന്നും പറഞ്ഞു. മാധ്യമ വിമർശനങ്ങള്‍ക്കെതിരേയും കോഹ്‌ലി തുറന്നടിച്ചു.

‘മുമ്പ് ഇത്തരം കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. കാരണം ഒരുപാട് കാര്യങ്ങള്‍ ഞാന്‍ വായിക്കുമായിരുന്നു. എന്നാല്‍ സത്യസന്ധമായി പറയട്ടെ, ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ഇപ്പോള്‍ വായിക്കാറേയില്ല. അതുകൊണ്ടു തന്നെ ചുറ്റും എന്താണ് പറയുന്നതെന്ന് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല ‘ കോഹ്‌ലി പറയുന്നു.

‘ഏതെങ്കിലും രാജ്യത്ത് എന്തെങ്കിലും തെളിയിക്കാന്‍ ആഗ്രഹിച്ചല്ല ഞാന്‍ കളിക്കാനിറങ്ങാറുള്ളത്. ടീമിനായി മികച്ച പ്രകടനം നടത്തുക എന്നതാണ് എന്റെ ഉദ്ദേശ്യം, ഇന്ത്യയ്ക്കായി ഒരുപാട് റണ്‍സ് നേടാനും, ടീം ഇന്ത്യയെ മുന്നോട്ട് നയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, അത് മാത്രമാണ് എന്റെ പ്രചോദനം’ കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങളെ കുറിച്ചും മാധ്യമ വാര്‍ത്തകളേയും കുറിച്ച് ആലോചിച്ച് തന്റെ എനര്‍ജി പാഴാക്കാന്‍ ആഗ്രഹമില്ലെന്നും അങ്ങനെ ചെയ്താല്‍ കളിക്ക് മുമ്പു തന്നെ ഫോക്കസ് നഷ്ടമാകുമെന്നും താരം പറഞ്ഞു. കളിക്കിറങ്ങുമ്പോള്‍ പുറത്തിരുന്ന് എഴുതുന്നവരുടെ കൈയ്യിലല്ല തന്റെ കൈയ്യിലാണ് ബാറ്റുള്ളതെന്ന് ഓര്‍ക്കുമെന്നും വിരാട് പറഞ്ഞു. തന്റെ കഴിവിലും അധ്വാനത്തിലും തനിക്ക് വിശ്വാസവമുണ്ടെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

2014 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 10 ഇന്നിങ്സില്‍ നിന്നായി 134 റണ്‍സ് മാത്രമാണ് കോഹ്‌ലിയ്ക്ക് നേടാന്‍ സാധിച്ചുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook