എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് മുന്നിലുളള വെല്ലുവിളി വിരാട് കോഹ്‌ലിയാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ നായകന്റെ ഒറ്റയ്ക്കുളള പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്. ആദ്യ ഇന്നിങ്സില്‍ ഒരുഘട്ടത്തില്‍ ഏഴിന് 169 എന്ന നിലയിലെത്തിയ ഇന്ത്യയെ വാലറ്റക്കാരെ ഒരറ്റത്ത് നിര്‍ത്തി കോഹ്‌ലി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കരകയറ്റിയത്. അവസാന മൂന്നുവിക്കറ്റില്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്ത 105 റണ്‍സില്‍ 92ഉം ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നായിരുന്നു. ഒടുവില്‍ റാഷിദിന്റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കി കോഹ്‌ലി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നുയര്‍ന്നത് ആശ്വാസത്തിന്റെ നിശ്വാസങ്ങള്‍ മാത്രമായിരുന്നു.

കോഹ്‌ലി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ കൂവിക്കൊണ്ടായിരുന്നു ഇംഗ്ലീഷ് ആരാധകര്‍ വരവേറ്റത്. 220 പന്തുകളില്‍ നിന്നും 149 റണ്‍ നേടി അവസാന വിക്കറ്റിന്റെ രൂപത്തില്‍ പുറത്തായപ്പോഴേക്ക് അതേ ആരാധകരെക്കൊണ്ട് എഴുന്നേറ്റു നില്‍പ്പിച്ച് കോഹ്‌ലി കൈയ്യടിപ്പിച്ചു. മത്സരത്തിന്റെ നൂറിലേറെ റണ്‍സിന്റെ മേധാവിത്വം ഇംഗ്ലണ്ടിന് ലഭിക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിപ്പിച്ചിരുന്നു. അത് വെറും 13 റണ്‍സിന്റെ കുടിശ്ശികയിലേക്കെത്തിച്ചത് ക്യാപ്റ്റന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

രണ്ടാം ഇന്നിങ്സിലും ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്നത് വിരാട് കോഹ്‌ലിയിലാണ്. 5 ടെസ്റ്റ് മൽസരങ്ങളുളള പരമ്പര 1-0 ന് ലീഡ് ഉയർത്താൻ ഇന്ത്യൻ നായകന് കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

ആദ്യ ഇന്നിങ്സിൽ കോഹ്‌ലിയെ പുറത്താക്കാൻ ഇംഗ്ലണ്ട് താരങ്ങൾ നന്നായി കഷ്ടപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്സിലും കോഹ്‌ലിയെ പുറത്താക്കുകയാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് മുന്നിലുളള വെല്ലുവിളി. കോഹ്‌ലിയെ പുറത്താക്കുന്നത് സ്വപ്നം കണ്ടാണ് ഇംഗ്ലീഷ് താരങ്ങൾ ഉറങ്ങാൻ പോകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ.

”ആദ്യ ഇന്നിങ്സിലെ പോലെ രണ്ടാം ഇന്നിങ്സിലും കോഹ്‌ലി ബാറ്റിങ് ഫോം തുടർന്നാൽ ഇംഗ്ലണ്ട് ജയം പ്രയാസകരമാകും. വാലറ്റത്തെ കൂട്ടുപിടിച്ചുളള ഇന്ത്യൻ നായകന്റെ ബാറ്റിങ് ബ്രില്യന്റാണ്. വളരെ വേഗത്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്താനാണ് ഞങ്ങളുടെ ശ്രമം. മറിച്ചയാൽ കോഹ്‌ലി റൺസ് കണ്ടെത്തി ടീമിനെ വിജയിപ്പിക്കും”.

”ക്രിക്കറ്റിൽ അജയ്യനായി ആരുമില്ല. കോഹ്‌ലിയെയും പുറത്താക്കാൻ ഞങ്ങൾക്ക് കഴിയും. ബോളർമാർ മികച്ച ഫോം പുറത്തെടുക്കാൻ 25-30 ഓവറിൽ മൽസരം അവസാനിപ്പിക്കാൻ കഴിയും. മൽസരം വിജയിക്കാൻ ഞങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യും”, ആൻഡേഴ്സൺ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 84 റൺസ് കൂടി വേണം. ഇന്നലെ രണ്ടാം ഇന്നിങ്സിൽ 194 റൺസ് വിജലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 110 റൺസ് എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്‌ലിക്ക് കൂട്ടായി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ദിനേശ് കാർത്തിക്കാണ് ക്രീസിലുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ