ബെർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബോൾ ചെയ്യും. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തു. മോശം ഫോമിനെ തുടർന്ന് ചേതേശ്വർ പൂജാരയെ ഇന്ത്യ പുറത്തിരുത്തി. പകരം കെ.എൽ.രാഹുലിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടീം ഇന്ത്യ:  വിരാട് കോഹ്‍ലി (ക്യാപ്റ്റൻ),  അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ),  മുരളി വിജയ്, ശിഖർ ധവാൻ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ലോകേഷ് രാഹുൽ,  ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ

ടീം ഇംഗ്ലണ്ട്:  ജോ റൂട്ട് (ക്യാപ്റ്റൻ),അലിസ്റ്റയർ കുക്ക്, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), കീറ്റൺ ജെന്നിങ്സ്, ഡേവിഡ് മലൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, സാം കുറാൻ, ആദിൽ റഷീദ്, സ്റ്റ്യുവാർട്ട് ബ്രോഡ്, ജയിംസ് ആൻഡേഴ്സൻ.

ആർ.അശ്വിനാണ് ടീമിലെ ഏക സ്പിന്നർ.  ഉമേഷ് യാദവ്–ഇഷാന്ത് ശർമ–മുഹമ്മദ് ഷമി  പേസ് ആക്രമണമാണ് ഇന്ത്യയുടെ പ്രതീക്ഷ.  ഇംഗ്ലണ്ട് നിരയിൽ ആദിൽ റഷീദ് ഇടംപിടിച്ചിട്ടുണ്ട്. അലിസ്റ്റയർ കുക്കിനൊപ്പം കീറ്റൺ ജെന്നിങ്സ് ഇന്നിങ്സ് ഓപ്പൺ ചെയ്യുക.

അവസാനമായി ഇംഗ്ലണ്ടിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ട് ഒരു പതിറ്റാണ്ടായി. 2007ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുളള ഇന്ത്യൻ സംഘമാണ് വിജയം നേടിയത്. ഇംഗ്ലണ്ടിൽ കളിച്ച 57 ടെസ്റ്റുകളിൽ ഇന്ത്യ ജയിച്ചത് ആറെണ്ണം മാത്രം.

ധോണിയുടെ നേതൃത്വത്തിൽ രണ്ടുവട്ടം ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യ 0-4നും 1-3നും തോറ്റു.   അഞ്ചു ടെസ്റ്റുകളാണു പരമ്പരയിൽ. എജ്ബാസ്റ്റനിൽ ഇന്നു ആരംഭിക്കുന്ന മത്സരം ഇംഗ്ലണ്ടിന്റെ ആയിരാമത്തെ ടെസ്റ്റ് മത്സരമാണ്.  2017 സെപ്റ്റംബർ മുതൽ കളിച്ച ഒൻപതു ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണു ഇംഗ്ലണ്ട് ജയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook