ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ചതുർദിന സന്നാഹ മത്സരത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മുൻനിര ബാറ്റ്സ്മാന്മാർ എല്ലാം തിളങ്ങിയ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസിന് പുറത്തായി. അഞ്ച് ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ അർദ്ധ സെഞ്ചുറി തികച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായി തുടക്കത്തിലെ ഓപ്പണർ കെ.എൽ.രാഹുൽ പുറത്തായി. എന്നാൽ പിന്നീട് എത്തിയ താരങ്ങൾ ഇന്ത്യൻ സ്കോറിങ്ങിൽ വലിയ സംഭവനകൾ നൽകിയ ശേഷമാണ് മടങ്ങിയത്. യുവതാരം പൃഥ്വി ഷായുടെ പ്രകടനം ഏറെ ശ്രദ്ധേയമായി.

69 പന്തിൽ നിന്നും 66 റൺസ് നേടിയ പൃഥ്വി ഷാ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നായകൻ വിരാട് കോഹ്‍ലി 64 റൺസും മൂന്നാമനായി ഇറങ്ങിയ ചേതേശ്വർ പൂജാര 54 റൺസും നേടിയപ്പോൾ അജിങ്ക്യ രഹാനെ 56 റൺസെടുത്ത ശേഷം റിട്ടേട് ഔട്ടായി. മറ്റൊരു യുവതാരം ഹനുമ വിഹാരി 53 റൺസും നേടി.

നിശ്ചിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ്മ 40 റൺസ് നേടി. ഋഷഭ് പന്ത് 11 റൺസുമായി പുറത്താകാതെ നിന്നു. എന്നാൽ ബോളിങ് നിരയിൽ ആർക്കും അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. ക്രിക്കറ്റ് ഓസ്ട്രേലിയക്കായി ആരോൺ ഹാർഡി നാല് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 24 റൺസെടുത്തിട്ടുണ്ട്. 10 റൺസ് നേടിയ ആർസി ഷോട്ടും 14 റൺസുമായി മാക്സുമാണ് ക്രീസിൽ. ടീം സ്കോർ 24ൽ നിൽക്കെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ