കൊച്ചി: എഎഫ്‍സി എഷ്യൻ കപ്പിന് മുന്നോടിയായി ഇന്ത്യ നാളെ ചൈനക്കെതിരെ ബൂട്ട് കെട്ടുന്നു. മത്സരം പരിചയം ലക്ഷ്യമിട്ടാണ് സൗഹൃദ മത്സരത്തിനിറങ്ങുന്നത്. ഷുസോ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ വൈകിട്ട് 5 മണിക്കാണ് മത്സരം.

ഒന്നര പതിറ്റാണ്ടിന് ശേഷം, ഇതാദ്യമായാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുന്നത്. അതും ചൈനയിൽ ആദ്യമായാണ് ഇന്ത്യൻ സീനിയർ ടീം ഒരു മത്സരം കളിക്കാനിറങ്ങുന്നത്.

ലോക റാങ്കിങിൽ 76-ാം സ്ഥാനക്കാരാണ് ചൈന, ഇന്ത്യയാകട്ടെ 97-ാം സ്ഥാനത്തും. ചരിത്രത്തിലും ചൈനയാണ് മുന്നിലുളളത്. ഇതുവരെ കളിച്ച 17 മത്സരങ്ങളിൽ 12 ലും വിജയം ചൈനക്കൊപ്പമായിരുന്നു. 5 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഒരിക്കൽ പോലും ഇന്ത്യയ്ക്ക് ജയിക്കാൻ സാധിച്ചിട്ടില്ല.

ഇരു ടീമുകളും അവസാനമായി നേർക്കുനേർ വന്നത് 16 വർഷം മുമ്പ് 2002ലെ എഷ്യൻ ഗെയിംസിലായിരുന്നു. ഫലം അന്നും ചൈനക്ക് അനുകൂലമായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ചൈനക്കെതിരെ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന ചീത്തപേര് മാറ്റാനാകും നീല കടുവകൾ നാളെ ശ്രമിക്കുക. 22 അംഗ ഇന്ത്യൻ ടീമിൽ യുവത്വത്തിനൊപ്പം പരിചയസമ്പത്തും കൂടിചേരുമ്പോൾ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഷുസോയിലെ 15 ഡിഗ്രി താപനിലയും ചൈനയുടെ പ്രതിരോധ കോട്ടയും കീഴടക്കാനായാൽ ഇന്ത്യക്ക് വിജയമുറപ്പിക്കാം.

സുനിൽ ഛേത്രി തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മുന്നേറ്റത്തിൽ ഛേത്രിക്കൊപ്പം ജെജെയും നർസാരിയും ചേരും. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ചുമതല അനിരുദ്ധ് താപയ്ക്കും റൗളിനുമാണ്. ശക്തമായ പ്രതിരോധമാണ് ഇന്ത്യയുടെ മറ്റൊരു കരുത്ത്. പ്രതിരോധത്തിൽ സന്ദേശ് ജിങ്കനും, അനസ് എടത്തൊടികയും, പ്രീതം കൊട്ടാളും സുഭാഷിഷും ചേരുന്നതോടെ ചൈനീസ് പടയ്ക്ക് ഗോൾ നേടൽ എളുപ്പമാകില്ലെന്ന് കരുതാം. ഗുർപ്രീത് സിങാണ് ഗോൾകീപ്പർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook