തോല്‍വിയുടെ പടിവാതില്‍ക്കല്‍നിന്ന് ഇന്ത്യയെ മഹേന്ദ്ര സിങ് ധോണി കൈപിടിച്ചുയര്‍ത്തിയതിനു കണക്കില്ല. കളിയുടെ ഗതി മാറ്റുന്നതില്‍ ധോണി എടുക്കുന്ന തീരുമാനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുമുണ്ട്. താരം മെനഞ്ഞ തന്ത്രങ്ങള്‍, അദ്ദേഹം കളം വിട്ടിട്ടും തിളക്കം മായാതെ നിലനില്‍ക്കുന്നു. അതിലൊന്നായിരുന്നു 2016 ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ജീവന്‍ മരണ പോരാട്ടത്തിലെ അവസാന നിമിഷങ്ങള്‍. ഇടിമിന്നല്‍ പോലെ കീപ്പിങ് പൊസിഷനില്‍നിന്ന് ഓടിയെത്തി സ്റ്റമ്പ് ചെയ്ത ധോണി ഇന്ത്യക്ക് സമ്മാനിച്ചത് ഒരു റണ്‍സിന്റെ ആവേശകരമായ ജയമായിരുന്നു.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബാറ്റിങ് അത്ര എളുപ്പമാക്കിയില്ല ബംഗ്ലാദേശ് ബോളര്‍മാര്‍. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 146 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്കു നേടാനായത്. ഒരു അർധ സെഞ്ചുറി പോലും പിറക്കാതിരുന്ന ഇന്നിങ്സില്‍ 23 പന്തില്‍ 30 റണ്‍സെടുത്ത സുരേഷ് റെയ്നയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ട് വിക്കറ്റ് വീതം നേടിയ മുസ്തഫിസൂര്‍ റഹ്മാനും അല്‍ അമീനുമാണ് സന്ദര്‍ശകര്‍ക്കായി തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനും സമാനമായ രീതിയില്‍ ബാറ്റിങ് തകര്‍ച്ചയുണ്ടായി. എങ്കിലും വിജയലക്ഷ്യം ചെറുതായിരുന്നതിനാല്‍ വിക്കറ്റ് വീഴ്ചകള്‍ കാര്യമായ പ്രതിസന്ധി ഉണ്ടാക്കിയില്ല. ഓപ്പണര്‍ തമീം ഇക്ബാലും സാബിര്‍ റഹ്മാനും ഷാക്കിബ് അല്‍ ഹസനുമൊക്കെ സാവധാനം ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ കൂട്ടുകെട്ടുകള്‍ പൊളിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നു.
അവസാന ഓവറില്‍ ജയിക്കാനാവശ്യമായിരുന്നത് 11 റണ്‍സ് മാത്രം. ഇന്ത്യക്കായി പന്തെറിഞ്ഞതാവട്ടെ ഹാര്‍ദിക് പാണ്ഡ്യയും. രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകള്‍ ബൗണ്ടറി പായിച്ച് മുഷ്ഫിഖര്‍ റഹിം ഇന്ത്യയെ പ്രഹരിച്ചു. പിന്നീട് മൂന്ന് പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയിലേക്ക് കളിയെത്തിയപ്പോള്‍ മുഷ്ഫിഖര്‍ ജയം ഉറപ്പിച്ചു. പിന്നീടായിരുന്നു കളിയിലേക്ക് ധോണി ഇഫക്ട് എത്തിയത്.
#OnThisDay in 2016, MS Dhoni broke thousands of Bangladeshi hearts. pic.twitter.com/fZbnO3mAWG
— ICC (@ICC) March 23, 2020
അടുത്ത പന്തില്‍ മുഷ്ഫിഖറിനെ ഹാര്‍ദിക്ക് ഷോര്‍ട്ട് ബോളില്‍ കുടുക്കി. ശിഖര്‍ ധവാന്റെ കൈകളില്‍ മുഷ്ഫിഖറിന്റെ ഇന്നിങ്സിന് അന്ത്യം. പിന്നാലെയെത്തിയ മുഹമ്മദുള്ളയും അതേ രീതിയില്‍ പവലിയനിലേക്ക് മടങ്ങി. ഒരു പന്തും രണ്ട് റണ്‍സുമകലെ വിജയം. ഹാര്‍ദിക്കിന്റെ അവസാന പന്തില്‍ ബാറ്റ് വയ്ക്കാന്‍ ഷുവഗാത ഹോമിനായില്ല. പന്ത് ധോണിയുടെ കയ്യിലേക്ക്.
അവിടെയായിരുന്നു ധോണിയുടെ പരിചയസമ്പത്തും മനഃസാന്നിധ്യവും ഒത്തുചേര്‍ന്നത്. ഒരു റൺസ് ഓടിയെടുത്ത് സമനില പിടിക്കുകയായിരുന്നു ബംഗ്ലാ വാലറ്റത്തിന്‍റെ ശ്രമം. ഒരു ഡയറക്ട് ഹിറ്റിന് ശ്രമിക്കാതെ ഓടിയെത്തിയ ധോണി സ്റ്റമ്പ് ചെയ്തു. ധോണിയുടെ വേഗത്തിന് മുന്നില്‍ മറുവശത്ത് നിന്ന് ഓടിയെത്തിയ മുസ്തഫിസൂര്‍ പരാജയപ്പെട്ടു. നാടകാന്ത്യം ഇന്ത്യക്ക് ജയം. ബാറ്റ് കൊണ്ട് മാത്രം ഒതുങ്ങുന്നതല്ല ഫിനിഷിങ്ങിലെ മികവെന്ന് ചിന്നസ്വാമിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ധോണി തെളിയിച്ചു.