ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. വിരാട് കോഹ്ലിയുടേയും ഓപ്പണർ മുരളി വിജയുടേയും സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യയുടെ കുതിപ്പ്. 131 പന്തിലാണ് കോഹ്ലി ടെസ്റ്റിലെ തന്റെ 16ആം സെഞ്ചുറി സ്വന്തമാക്കിയത്. ഒടുവിൽ വിവരം ലഭിക്കുന്പോൾ 356/3 എന്ന നിലയിലാണ് ഇന്ത്യ. 108 റണ്‍സ് നേടി വിജയ്യും 83 റണ്‍സ് നേടിയ പുജാരയും പുറത്തായി. 111 റണ്‍സോടെ കോഹ്ലിയും 45 റണ്‍സോടെ രഹാനെയുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിൽതന്നെ ഓപ്പണർ കെ.എൽ.രാഹുലിനെ നഷ്ടമായി. ടസ്കിൻ അഹമ്മദ് എറിഞ്ഞ ഓവറിലെ നാലാം പന്തിൽ രാഹുൽ ബൗൾഡാകുകയായിരുന്നു. രണ്ടു റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മുരളി വിജയ്യും പുജാരയും ചേർന്ന് ഇന്ത്യയെ മികച്ചനിലയിൽ എത്തിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 178 റണ്‍സ് കൂട്ടിച്ചേർത്തു. വിജയ്യുടെ ഒന്പതാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്.

ബംഗ്ലാദേശ് ആദ്യമായാണ് ഇന്ത്യയിൽ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. പതിനേഴു വർഷം മുമ്പ് ധാക്കയിലാണ് ബംഗ്ലാദേശ് ആദ്യമായി ഇന്ത്യയെ ടെസ്റ്റിൽ നേരിടുന്നത്. അന്നു മുതൽ ഇന്നുവരെ ഇന്ത്യയെ തോൽപ്പിക്കാൻ ബംഗ്ലാ കടുവകൾക്കായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook