ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് നാഗ്പൂരിൽ നടക്കും. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. നാഗ്പൂരിലെ വിദർഭ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.

ഇന്ത്യയ്ക്കെതിരെ ചരിത്രത്തിലെ ആദ്യ ടി20 ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് ഒരു മത്സരം കൂടി ജയിച്ച് ആദ്യ പരമ്പര നേട്ടവും ലക്ഷ്യമിടുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ ഈ സീസണിൽ നാട്ടിൽ തങ്ങളുടെ ആദ്യ ടി20 പരമ്പരയും മുന്നിൽ കാണുന്നു. അതുകൊണ്ട് തന്നെ വിജയം ഇരുടീമുകൾക്കും ഒരുപോലെ ആവശ്യമാണ്.

വിരാട് കോഹ്‌ലിയുൾപ്പടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ ഇന്ത്യയുടെ പ്രധാന ലക്ഷ്യം 2020ൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കണ്ടെത്തുകയെന്നതാണ്. മലയാളി താരം സഞ്ജു സാംസൺ ഇന്നും പ്ലെയിങ് ഇലവനിലുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ മത്സരത്തിൽ കളിച്ച ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്താൻ രോഹിത് മുതിർന്നേക്കില്ല.

എന്നാൽ ബോളിങ്ങിൽ ഇന്ത്യ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ റൺസ് വഴങ്ങിയ ഖലീൽ അഹമ്മദിന് പകരം ഷാർദുൽ ഠാക്കൂറിനെ ടീമിലെത്തിക്കാനുള്ള സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ തിളങ്ങാനായില്ലെങ്കിലും രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യൻ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, രാഹുൽ ചാഹർ എന്നിവർക്ക് ഇന്നും ബെഞ്ചിൽ തന്നെയാകും സ്ഥാനം. അങ്ങനെയെങ്കിൽ വിൻഡീസിനെതിരായ പരമ്പരയിൽ താരങ്ങൾക്ക് വീണ്ടും അവസരം നൽകും. എന്നാൽ സീനിയർ താരങ്ങൾ മടങ്ങിയെത്തുന്നതോടെ ഇവർ വീണ്ടും പ്ലെയിങ് ഇലവന് പുറത്തിരിക്കാനായിരിക്കും വിധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook