ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പകലും രാത്രിയുമായാണ് മത്സരം. ഇതാദ്യമായാണ് ഇന്ത്യ ഡേ-നൈറ്റ് മത്സരം കളിക്കുന്നതെന്ന പ്രത്യേകത തന്നെയാണ് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കൊൽക്കത്തയിലെത്തിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ 12-ാം ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്.

ഇൻഡോറിൽ നടന്ന ആദ്യ മത്സരത്തിൽ ആധികാരിക വിജയം നേടിയ ഇന്ത്യ കൊൽക്കത്തയിലും ജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ടി20 പരമ്പര നഷ്ടമായ ബംഗ്ലാദേശിന് ഒരു ടെസ്റ്റ് വിജയംപോലും ആശ്വാസമാണ്.

Also Read: സഞ്ജുവിനെ ഒഴിവാക്കി; വിൻഡീസിനെതിരായ ഇന്ത്യൻ ടീമിലേക്ക് അപ്രതീക്ഷിത തിരിച്ചുവരവുകൾ

ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ ആധിപത്യം തുടർന്നാൽ ആതിഥേയർക്ക് മുന്നി. ഒരു ചെറുത്തു നിൽപ്പ് പോലും ബംഗ്ലാദേശിന് അസാധ്യമായേക്കാം. മിന്നും ഫോമിലുള്ള ഓപ്പണർമാരിൽ ഒരാൾ തിളങ്ങിയാൽ തന്നെ ഏറ്റെടുക്കാൻ മധ്യനിര ശക്തമാണ്. വാലറ്റത്തിൽ രവീന്ദ്ര ജഡേജയും ഉമേഷ് യാദവും വെടിക്കെട്ട് പ്രകടനം ആവർത്തിച്ചാൽ മികച്ച സ്കോർ കെട്ടിപടുക്കാനും അനായാസം പിന്തുടരാനും ഇന്ത്യയ്ക്ക് സാധിക്കും.

ബോളിങ്ങിൽ പേസർമാർ തന്നെയാണ് ഇന്ത്യയുടെ കുന്തമുന. മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ് ത്രയം ഒന്നിക്കുമ്പോൾ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർ വെള്ളം കുടിക്കുമെന്ന് ഉറപ്പാണ്. അശ്വിനും ജഡേജയും സ്‌പിന്നിൽ ഇന്ത്യൻ ബോളിങ് എൻഡിലുണ്ടാകും.

Also Read: പാരച്യൂട്ടിൽ പറന്നെത്താൻ പിങ്ക് പന്ത്, ഈഡൻ ബെൽ മുഴക്കാൻ ഹസീനയും മമതയും; ചരിത്ര മത്സരത്തിനൊരുങ്ങി കൊൽക്കത്ത

ബംഗ്ലാദേശ് നിരയിലാകട്ടെ മികച്ച തുടക്കം ലഭിക്കാത്തതാണ് തിരിച്ചടിയാകുന്നത്. മധ്യനിര റൺസ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വിക്കറ്റുകൾ തുലയ്ക്കുന്ന മുൻനിരയും വാലറ്റവും ബംഗ്ലാദേശ് സ്കോറിങ്ങിന് വെല്ലുവിളിയാണ്. മുഷ്ഫീഖുർ റഹ്മാനിലാണ് ബംഗ്ലാദേശ് ബാറ്റിങ് പ്രതീക്ഷ വയ്ക്കുന്നത്. ലിറ്റൺ ദാസ്, നായകൻ മൊമിനുൾ ഹഖ്, മുഹമ്മദ് മിഥുൻ എന്നീ താരങ്ങൾ ഫോമിലേക്ക് ഉയരേണ്ടത് അത്യാവശ്യമാണ്.

എന്നാൽ ഇരു ടീമുകളെ സംബന്ധിച്ചടുത്തോളം ഇത് പുതിയ അനുഭവമായിരിക്കും. ബംഗ്ലാദേശും ആദ്യമായാണ് ഡേ നൈറ്റ് മത്സരം കളിക്കുന്നത്. അതിനാൽ തന്നെ വലിയ ഒരുക്കങ്ങളാണ് ഇരു ടീമുകളും മത്സരത്തിന് മുന്നോടിയായി നടത്തിയത്. നനഞ്ഞ പന്തിലായിരുന്നു ബംഗ്ലാദേശിന്റെ പരിശീലനം. ഫ്ലഡ് ലൈറ്റിൽ ഏറെ നേരം ബാറ്റിങ് പരിശീലനം നടത്തിയ വിരാട് കോഹ്‌ലി അടക്കമുള്ള ഇന്ത്യൻ സംഘവും ഒരുങ്ങിക്കഴിഞ്ഞു.

ആദ്യ മത്സരത്തിൽ ഇറങ്ങിയ ടീമിൽ ഇരു നായകന്മാരും മാറ്റം വരുത്താൻ സാധ്യതയില്ല. ജയത്തോടെ പരമ്പര തൂത്തുവരുന്നതോടൊപ്പം ഇന്ത്യയെ സംബന്ധിച്ചടുത്തോളം ഇതൊരു പരീക്ഷണവും പരിശീലനവും കൂടിയാണ്. ഓസ്ട്രേലിയയുമായും ഡേ നൈറ്റ് മത്സരമുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണിത്.

മത്സരത്തിന്റെ ആദ്യ ദിനം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമുണ്ടാകും. മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്റ്റേഡിയത്തിലെ മണി (ഈഡൻ ബെൽ) ഇരുവരും ചേർന്ന് മുഴക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook