ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ആതിഥേയർ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഇന്ത്യൻ ആരാധകർക്ക് ശരിക്കും ആഘോഷിക്കാൻ കഴിയുന്ന ജയമായിരുന്നു രാജ്കോട്ടിലെ ജയം. അത് നന്നായി ആഘോഷിക്കുകയും ചെയ്തു മലയാളി ട്രോളന്മാർ.

ഇന്ത്യൻ വിജയത്തെ പുകഴ്ത്തിയും ബംഗ്ലാദേശിനെ പരിഹസിച്ചുമുള്ള നിരവധി ട്രോളുകളാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ കയ്യടി നേടിയത്.

എട്ട് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളുള്ള ടി20 പരമ്പര 1-1 എന്ന നിലയിലായി.

154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന 15.4 ഓവറിൽ വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കി. രോഹിത് ശർമയുടെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. 43 പന്തിൽനിന്ന് 85 റൺസാണ് ഹിറ്റ്‌മാൻ സ്വന്തം പേരിലാക്കിയത്. ട്വന്റി 20 യിലെ 18-ാം അർധ സെഞ്ചുറിയാണ് രോഹിത് രാജ്‌കോട്ടിൽ നേടിയത്.

തുടക്കം മുതലേ ആക്രമിച്ചു കളിച്ച രോഹിത് അതിവേഗം സ്‌കോർ ബോർഡ് ചലിപ്പിച്ചു. അർധ സെഞ്ച്വറി നേടിയ ശേഷം രോഹിത് കൂടുതൽ അക്രമണകാരിയായി. പത്താം ഓവറിലെ ആദ്യ മൂന്നു പന്തും തുടർച്ചയായി രോഹിത് സിക്‌സർ പറത്തി. കൂറ്റനടിക്കു ശ്രമിച്ചാണ് ഒടുവിൽ രോഹിത്തിനു വിക്കറ്റ് നഷ്ടമായതും. അപ്പോഴേക്കും ഇന്ത്യ വിജയത്തിലേക്ക് അടുത്തു കഴിഞ്ഞിരുന്നു. രോഹിത്തിനൊപ്പം തുടക്കം മുതലെ നന്നായി ബാറ്റ് വീശിയ ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽനിന്ന് 31 റൺസ് നേടി. ശ്രേയസ് അയ്യര്‍ 23 റണ്‍സും ലോകേഷ് രാഹുല്‍ എട്ട് റണ്‍സും നേടി പുറത്താകാതെ നിന്നു.

നൂറാം രാജ്യാന്തര ട്വന്റി 20 യാണ് രോഹിത് ശർമ രാജ്‌കോട്ടിൽ പൂർത്തിയാക്കിയത്. 100 ടി20 കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്ററാണ് രോഹിത് ശർമ. നൂറാം ടി20 യിൽ രോഹിത് സെഞ്ച്വറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും കൂറ്റനടിക്കു ശ്രമിച്ച് താരം പുറത്താകുകയായിരുന്നു.

സെഞ്ച്വറിയിൽ കുറഞ്ഞതൊന്നും ഹിറ്റ്‌മാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴുള്ള രോഹിത്തിന്റെ മുഖഭാവത്തിൽനിന്ന് വ്യക്തമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ 100 ടി20 കളിച്ച പുരുഷ താരമെന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് രോഹിത്. പാക് താരം ശുഐബ് മാലിക് 11 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook