ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പാകെ ഇന്ത്യന്‍ ക്യാപില്‍ ആശങ്ക പടര്‍ത്തി രോഹിത്തിന്റെ പരുക്ക്. പരമ്പര തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ രോഹിത്തിന് പരുക്കേറ്റിരിക്കുകയാണ്. പരിശീലനത്തിനിടെയായിരുന്നു രോഹിത്തിന് പരുക്കേറ്റത്.

ഇടത് തുടയില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് രോഹിത് പരിശീലനം മതിയാക്കി മടങ്ങിപ്പോയി. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. മിന്നും ഫോമിലുള്ള രോഹിത്തിന് പരുക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. നെറ്റ്‌സില്‍ പരീശിലനം നടത്തുന്നതിനിടെ രോഹിത്തിന് ഏറു കൊള്ളുകയായിരുന്നു.

ബംഗ്ലാദേശ് പേസര്‍മാരെ, പ്രത്യേകിച്ചും ഇടങ്കയ്യന്‍ പേസര്‍ മുസ്തഫിസൂര്‍ റഹ്മാനെ, നേരിടാന്‍ ഇന്ത്യ പ്രത്യേക പരിശീലനമാണ് നടത്തുന്നത്. ഇതിനിടെയാണ് രോഹിത്തിന് പരുക്കേറ്റത്. ഉടനെ തന്നെ താരത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നാലെ താരം പരിശീലനം മതിയാക്കുകയായിരുന്നു.

താരത്തിന്റെ ചികിത്സ തുടരുകയാണെന്നും കൂടുതല്‍ വിവരം ഉടനെ അറിയിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. രോഹിത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. അല്ലാത്ത പക്ഷം ഇന്ത്യയുടെ വിജയ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും ലഭിക്കുക.

അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ പരിശീലനത്തിനിറങ്ങി. ഋഷഭ് പന്തും പരിശീലനത്തിനുണ്ടായിരുന്നു. പുതുമുഖം ശിവം ദൂബെയും ടീമിലുണ്ട്. താരം പരിശീലകന്‍ രവി ശാസ്ത്രിയുമായി സംസാരിക്കുന്നതും പരിശീലനത്തിനിടെ കണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook