കൊൽക്കത്ത: ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നിർണായക മത്സരത്തിന് വേദിയാകാൻ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഒരുങ്ങിക്കഴിഞ്ഞു. കൊൽക്കത്ത മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിക്കറ്റ് ആരാധകരും പിങ്ക് പന്തിൽ കളിക്കുന്ന ഡേ – നൈറ്റ് ടെസ്റ്റ് മത്സര്തതിനായുള്ള കാത്തിരിപ്പിലാണ്. ക്രിക്കറ്റിൽ പിങ്ക് പന്തും ഡേ-നൈറ്റ് മത്സരവും ആദ്യമല്ലെങ്കിലും ഇന്ത്യയെയും ബംഗ്ലാദേശിനെയും സംബന്ധിച്ച് ഇത് ആദ്യ അനുഭവമായിരിക്കും.

ആദ്യ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ടി20 പരമ്പര നഷ്ടമായ ബംഗ്ലാദേശിന് സമനിലയാക്കിയാൽ പോലും ആശ്വസിക്കാം. പുതിയ പന്തിൽ പുതിയ സാഹചര്യത്തിൽ കളിക്കാനിറങ്ങുന്ന ഇരു ടീമുകളും നേരത്തെ തന്നെ കൊൽക്കത്തിയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു.

മത്സരം എപ്പോൾ? എവിടെ?

ഇന്ത്യയിലെ അല്ലെങ്കിൽ ഇന്ത്യ കളിക്കുന്ന ആദ്യ ഡേ – നൈറ്റ് മത്സരത്തിന് വേദിയാകുന്നത് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസാണ്. നിരവധി ചരിത്ര മത്സരങ്ങൾക്കും മുഹൂർത്തങ്ങൾക്കും സാക്ഷിയായ ദാദയുടെ ഈഡൻ അങ്ങനെ മറ്റൊരു ചരിത്രത്തിന്റെ കൂടെ ഭാഗമാകാൻ ഒരുങ്ങുകയാണ്. നവംബർ 22 മുതൽ 26 വരെയാണ് മത്സരം. മത്സരം അഞ്ചു ദിവസം നീണ്ടുപോകാൻ സാധ്യത കുറവാണെങ്കിലും ആദ്യ നാലുദിവസത്തെ ടിക്കറ്റുകൾ വിറ്റുപോയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.

Also Read: രോഹിത് ശര്‍മയ്ക്ക് വിശ്രമം, സഞ്ജു ടീമില്‍?; വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

പാരച്യൂട്ടിൽ പറന്നിറങ്ങാൻ പിങ്ക് പന്ത്

പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് പിങ്ക് നിറത്തിലുള്ള പന്ത്. ടെസ്റ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ചുവപ്പു ക്രിക്കറ്റ് ബോളുകളെ ഫ്ലഡ് ലൈറ്റിൽ കാണാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഡേ– നൈറ്റ് ടെസ്റ്റിൽ പന്തിന്റെ നിറം പിങ്ക് ആക്കിയത്. ആദ്യം മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പന്തുകളാണ് ഡേ – നൈറ്റ് മത്സരത്തിന് പരിഗണിച്ചത്. എന്നാൽ ചാര നിറത്തിലുള്ള പിച്ചിൽ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ബോളുകൾ ജഡ്ജ് ചെയ്യാൻ ബാറ്റ്സ്മാൻമാർക്കു ബുദ്ധിമുട്ടുണ്ടാകുമെന്ന് വിലയിരുത്തലിൽ പിങ്ക് നിറം തിരഞ്ഞെടുക്കുകയായിരുന്നു.

കാഴ്ചയിൽ വലിയ വ്യത്യാസം തോന്നുമെങ്കിലും പന്തിന്റെ സ്വഭാവത്തിലൊന്നും അതില്ല. ലെതറിന്റെ ഉപയോഗത്തിലാണ് പ്രധാന വ്യത്യാസം. കോട്സ് വൂളും കോർക്കും ഉപയോഗിച്ചാണ് പിങ്ക് പന്തിന്റെയും ഉൾഭാഗം നിർമിക്കുന്നത്. ചുവപ്പ് പന്ത് വെള്ള നൂലുപയോഗിച്ച് തുന്നുമ്പോൾ പിങ്ക് പന്ത് തുന്നാൻ ഉപയോഗിക്കുന്നത് കരുത്ത നിറത്തിലുള്ള നൂലുപയോഗിച്ചാണ്. സാധാരണയിലുമധികമായി സ്വിങ് ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ആദ്യ ഓവറുകളിലായിരിക്കും ഇതിന്റെ ഉപയോഗം ബോളർമാർക്ക് ലഭിക്കുക. പേസർമാർക്ക് മാത്രമല്ല സ്‌പിന്നർമാർക്കും ഏറെ ഉപയോഗപ്രദമായിരിക്കും പിങ്ക് പന്ത്.

Also Read: ധോണി മടങ്ങി വരുന്നുവോ? വിരാട് പങ്കുവച്ച ‘മുഖമില്ലാത്ത കൂട്ടുപ്രതി’ക്ക് പിന്നാലെ ആരാധകര്‍

മത്സരം നടക്കുന്ന ഈഡൻഗാർഡൻസിലേക്ക് പന്ത് എത്തുന്നത് പാരച്യൂട്ടിലായിരിക്കും. ഇന്ത്യയുടെ കിഴക്കൻ പാരാട്രൂപ്പ് റെജിമെന്റിലെ സൈനികർ പാരച്യൂട്ടിൽ പറന്നെത്തിയായിരിക്കും ഇരു നായകന്മാർക്കും പന്ത് കൈമാറുന്നത്. എസ്‌ജി എന്ന കമ്പനിയാണ് ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തിനുള്ള പിങ്ക് പന്ത് നിർമിച്ചിരിക്കുന്നത്.

ഈഡൻ ബെൽ മുഴക്കാൻ ഹസീനയും മമതയും

മത്സരത്തിന്റെ ആദ്യ ദിനം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമുണ്ടാകും. മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്റ്റേഡിയത്തിലെ മണി (ഈഡൻ ബെൽ) ഇരുവരും ചേർന്ന് മുഴക്കും.

രാത്രിയും പരിശീലനം

ഡേ – നൈറ്റ് മത്സരങ്ങളോട് പൊരുത്തപ്പെടാൻ സാധാരണ നിലയിൽനിന്നു വ്യത്യസ്തമായിട്ടായിരുന്നു ഇരു ടീമുകളുടെയും പരിശീലനം. രാത്രി വൈകിയും ഇന്ത്യയും ബംഗ്ലാദേശും പരിശീലനത്തിന് സമയം ചെലവഴിച്ചു. ബംഗ്ലാദേശാകട്ടെ വെള്ളത്തിൽ മുക്കിയിട്ട പന്തിൽ പ്രത്യേക പരിശീലനവും നടത്തി. രാത്രിയിലെ ഈർപ്പം പന്തിനെ എങ്ങനെ ബാധിക്കുമെന്നറിയാനാണ് ഈ പരിശീലനമെന്നാണ് ബംഗ്ലാദേശ് താരങ്ങൾ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook