India vs Bangladesh Live Streaming ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും അയൽക്കാരായ ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സൂപ്പർ ഫോറിലെ ആദ്യ മത്സരം.
പ്രാഥമിക ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനെനെയും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സൂപ്പർ ഫോർ പ്രവേശനം. പാക്കിസ്ഥാനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തൊടെയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.
എന്നാൽ പ്രമുഖ താരങ്ങളുടെ പരുക്ക് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പുറമേ ബോളർമാരായ അക്സർ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും പരുക്കേറ്റതിനാൽ ടീമിന് പുറത്താണ്. ഇത് ഇന്ത്യയുടെ കിരീട പ്രതീക്ഷകൾക്ക് തന്നെ മങ്ങലേൽപ്പിക്കുന്നുണ്ടെങ്കിലും വിജയത്തിൽ കുറഞ്ഞതൊന്നും രോഹിത് നയിക്കുന്ന ഇന്ത്യൻ ടീമിന് മുന്നിലില്ല.
പരുക്കേറ്റ താരങ്ങൾക്ക് പകരമായി സൂപ്പർ താരം ജഡേജയുൾപ്പടെ മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിനൊപ്പം ചേരും. എന്നാൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ അവർ ഉണ്ടായേക്കില്ല. ഹാര്‍ദ്ദിക്കിന് പകരം മൂന്നാം പേസര്‍ക്കാണ് ഇന്ത്യ അവസരം നല്കുന്നതെങ്കില് ഖലീല്‍ അഹമ്മദാകും ടീമില്‍ ഇടം പിടിക്കുക.
അതേസമയം, വിരാട് കോഹ്ലിയുടെ അഭാവം മത്സരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്റഫി മൊര്‍ത്താസ അവകാശവാദം. ടീമില്‍ തമീല്‍ ഇക്ബാലിന്റെ അസാന്നിധ്യം തങ്ങൾക്ക് തിരിച്ചടിയാണെന്നും മൊര്‍ത്താസ കൂട്ടിച്ചേർത്തു.
When and where to watch Asia Cup India vs Bangladesh ODI Cricket Match online and Live Streaming
ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, സെലക്ട് 1, സെലക്ട് 1 എച്ച്ഡി, സോണി സിക്സ് എന്നീ ചനലുകളിൽ സംപ്രേക്ഷണം ഉണ്ടായിരിക്കും. ഓൺലൈനിൽ ഹോട്ട്സ്റ്റാറിലും കളി ആസ്വാദിക്കാവുന്നതാണ്.
സൂപ്പർ ഫോറിലെ മറ്റൊരു മത്സരത്തിൽ പാക്കിസ്ഥാന്-അഫ്ഗാനിസ്ഥാനെയും ഇന്ന് നേരിടും. ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാന് മത്സരത്തിനിറങ്ങുന്നതെങ്കില്‍ കരുത്തരായ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തറപറ്റിച്ച അഫ്ഗാനിസ്ഥാന് തികഞ്ഞ ആത്മവിശ്വാസത്തോടെയാകും ഇന്ന് കളത്തിലിറങ്ങുക.