India vs Bangladesh T20 World Cup 2022: അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അഞ്ച് റണ്‍സ് വിജയം. മഴയെ തുടര്‍ന്ന് 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ .ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 27 പന്തില്‍ 67 റണ്‍സെടുത്ത ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.
തകര്‍ത്തടിച്ച ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചത്. 21 പന്തില്‍ നിന്ന് 50 തികച്ച താരം ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഇതിനിടെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു.
നേരത്തെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സെടുത്തു. 44 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 32 പന്തിന്‍ നിന്ന് 25 റണ്‍സ് നേടിയ കെ.എല്‍ രാഹുല്‍ മിന്നും പ്രകടനം കാഴ്ചവെച്ചു.
ഇന്നിങ്‌സ് തുടക്കത്തിലെ 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ നായകന്‍ രോഹിത് ശര്‍മ്മയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. എട്ട് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് നേടിയ താരത്തെ ഹസന്‍ മഹ്മുദാണ് പുറത്താക്കിയത്. പിന്നീട് രാഹുലും കോഹ്ലിയും ചേര്‍ന്ന് സ്‌കോര്‍ 78 ല്‍ എത്തിച്ചു. അര്‍ധസെഞ്ചുറിക്ക് പിന്നാലെ ഷകീബ് അല്‍ ഹസാനാണ് താരത്തെ പുറത്താക്കിയത്.
പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് 30 റണ്‍സ് നേടി പുറത്തായി. ഇത്തവണയും ഷകീബിനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ ഹാര്‍ദീക് പാണ്ഡ്യക്ക് ശോഭിക്കാനായില്ല അഞ്ച് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. വലിയ സ്‌കോറിലേക്ക് കുതിച്ച ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി.
ഒരു വശത്ത് കോഹ്ലി നില ഉറപ്പിച്ചെങ്കിലും സ്‌കോറിംഗ് വേഗം കുറവായിരുന്നു. ഇതിനിടെ ദിനേഷ് കാര്‍ത്തിക്(7),അക്‌സര്‍ പട്ടേല്‍(7) എന്നിവര്‍ പുറത്തായി. ഇന്ത്യ 157-6 എന്ന നിലയിലായി, ഇതോടെ അവസാന ഓവറുകളില്‍ കോഹ്ലി തകര്‍ത്തടിക്കാന്‍ തുടങ്ങിയതാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.