കൊളംബോ: നിദാഹാസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് ഭേദപ്പെട്ട സ്കോർ. തുടക്കത്തിൽ സ്പിന്നർമാർ നൽകിയ മേൽക്കൈ നിലനിർത്താൻ പേസർമാർക്ക് സാധിക്കാതെ വന്നതാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. നിശ്ചിത 20 ഓവറിൽ ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ തുടക്കത്തിൽ ഇന്ത്യൻ സ്പിന്നർമാർ തുടക്കത്തിൽ വെള്ളം കുടിപ്പിച്ചു. ആദ്യ പത്തോവറിനുളളിൽ തന്നെ നാല് മുൻനിര ബാറ്റ്സ്‌മാന്മാരെ മടക്കിയാണ് സ്പിന്നർമാർ കളിയിൽ ഇന്ത്യക്ക് മേൽക്കൈ നൽകിയത്.

എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച സാബിർ റഹ്മാൻ (50 പന്തിൽ 77) ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇന്ത്യക്ക് വാഷിംഗ്‌ടൺ സുന്ദറും യുസ്‌വേന്ദ്ര ചാഹലും നൽകിയ മേൽക്കൈ പക്ഷെ ഷർദ്ദുൽ താക്കൂറും വിജയ് ശങ്കറും നഷ്ടമാക്കി.

വിജയ് ശങ്കർ നാലോവറിൽ 48 റൺസ് വഴങ്ങിയപ്പോൾ താക്കൂർ നാലോവറിൽ 45 റൺസ് വഴങ്ങി. വാലറ്റത്ത് മെഹ്ദ ഹസൻ അവസാന ഓവറിൽ മാത്രം 18 റൺസ് അടിച്ചുകൂട്ടി. രണ്ട് ഫോറും ഒരു സിക്സുമടക്കം 19 റൺസാണ് മെഹ്ദി ഹസൻ ആകെ നേടിയത്.

ഏഴ് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു റഹ്മാന്റെ ഇന്നിംഗ്സ്. മഹമ്മുദുളള റഹ്മാന് മികച്ച പിന്തുണ നൽകി. 16 പന്തിൽ 21 റൺസാണ് മഹമ്മദുളള നേടിയത്.

ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ച് സമയം പിന്നിടും തോറും വേഗതകുറയുമെന്ന് കണ്ടതോടെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബോളിംഗ് തിരഞ്ഞെടുത്തത്. പ്ലേയിംഗ് ഇലവനിൽ മുഹമ്മദ് സിറാജിനെ മാറ്റി ജയദേവ് ഉനദ്‌കടിനെയാണ് ഇന്ത്യൻ നായകൻ രംഗത്തിറക്കിയത്.

ആദ്യ ഓവറിൽ ഒൻപത് റൺസ് നേടിയായിരുന്നു ബംഗ്ലാദേശ് തുടങ്ങിയത്. എന്നാൽ വാഷിംഗ്‌ടൺ സുന്ദറിന്റെ രണ്ടാം ഓവറിൽ ബംഗ്ലാദേശ് ബാറ്റ്സ്‌മാന്മാർക്ക് നാല് റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുളളൂ. തന്റെ രണ്ടാം ഓവറിൽ ലിതോൺ ദാസിനെ റെയ്‌നയുടെ കൈകളിലെത്തിച്ച് സുന്ദറാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്.

അധികം വൈകാതെ ചാഹലിന്റെ പന്തിൽ ബൗണ്ടറി ലൈനിനരികിൽ ഷർദ്ദുൽ താക്കൂർ തകർപ്പൻ പ്രകടനത്തിലൂടെ തമിം ഇഖ്ബാലിനെ പിടികൂടിയതോടെ ബംഗ്ലാദേശിന് രണ്ടാം വിക്കറ്റും നഷ്ടമായി. ചാഹലിനെ കവറിന് മുകളിലൂടെ ബൗണ്ടറി പായിക്കാൻ ശ്രമിച്ച സൗമ്യ സർക്കാരിന് തെറ്റി. ശിഖർ ധവാന് ക്യാച്ച് നൽകി താരം മടങ്ങിയതോടെ ബംഗ്ലാദേശ് മൂന്നിന് 33 എന്ന നിലയിൽ പരുങ്ങി.

സാവധാനം കളിയിലേക്ക് മടങ്ങിവന്ന ബംഗ്ലാദേശിന് വീണ്ടും ചാഹൽ തന്നെയാണ് കനത്ത പ്രഹരം നൽകിയത്. ഒൻപത് റൺസ് നേടി നിന്ന് മുഷ്‌ഫിക്കർ റഹിം വിജയ് ശങ്കറിന് ക്യാച്ച് നൽകിയതോടെ നാലിന് 59 എന്ന നിലയിലായി എതിരാളികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook