scorecardresearch

Latest News

അവസാന നിമിഷം ബംഗ്ലാദേശിനെതിരെ സമനില പിടിച്ച് ഇന്ത്യ; രക്ഷകനായി ആദില്‍ ഖാന്‍

ഇന്ത്യയെ സമനിലയില്‍ തളച്ച് ബംഗ്ലാദേശ്

കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് ബംഗ്ലാദേശ്. ഒന്നാം പകുതിയില്‍ മു്ന്നിലെത്തിയ ബംഗ്ലാദേശിനെതിരെ രണ്ടാം പകുതിയുടെ അവസാനമാണ് ഇന്ത്യ സമനില പിടിക്കുന്നത്. സ്കോര്‍ 1-1.

തുടക്കത്തില്‍ തന്നെ ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. മലയാളി താരം ആഷിഖിന്റെ പാസില്‍ സുനില്‍ ഛേത്രിയുടെ എണ്ണം പറഞ്ഞൊരു വോളി ബംഗ്ലാദേശ് ഗോളിയുടെ കൈയ്യിലാണ് അവസാനിച്ചത്. പിന്നാലെ 30-ാം മിനുറ്റില്‍ ബംഗ്ലാദേശ് താരം ബിപ്ലോ ഗോള്‍ ശ്രമം നടത്തി. പക്ഷെ അനസ് എടത്തൊടികയുടെ ഇടപെടലില്‍ ഇന്ത്യ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ രാഹുല്‍ ബെക്കയുടെ ഹെഡ്ഡല്‍ ബംഗ്ലാദേശ് ഗോളി തട്ടിയകറ്റിയതോടെ ഇന്ത്യയ്ക്ക് വീണ്ടും നിരാശ.

ആഷിഖും സഹലും ഗോളിനായി മികച്ച അവസരങ്ങള്‍ ഒരുക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍ കളിയുടെ ഒന്നാം പകുതി അവസാനിക്കാനിരിക്കെ ഇന്ത്യന്‍ ആരാധകരുടെ നെഞ്ച് തകര്‍ത്ത് സാദ് ഉദ്ദിന്‍ ബംഗ്ലാദേശിനായി ഗോള്‍ കണ്ടെത്തുകയായിരുന്നു. ജമാന്‍ ബുയാന്റെ ഫ്രീകിക്കില്‍ നിന്നുമാണ് ഉദ്ദിന്‍ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ഇന്ത്യ കുറേക്കൂടി ഉണര്‍ന്നു കളിച്ചു. ബംഗ്ലാദേശും ആക്രമണം ശക്തമാക്കി. എന്നാല്‍ ഗോള്‍ വീണില്ല. 65-ാം മിനുറ്റില്‍ ഛേത്രിയുടെ മികച്ചൊരു മുന്നേറ്റത്തിന്റെ അകമ്പടിയോടെ ഇന്ത്യ നല്ലൊരു കൗണ്ടര്‍ അറ്റാക്ക് നടത്തി. പക്ഷെ ബംഗ്ലാദേശ് പ്രതിരോധത്തില്‍ തട്ടി നീക്കം അവസാനിച്ചു.

ഇന്ത്യയ്ക്ക് മേല്‍ ബംഗ്ലാദേശ് ഞെട്ടിക്കുന്ന വിജയം സ്വന്തമാകുമെന്ന് കരുതിയിരിക്കെ 88-ാം മിനുറ്റില്‍ ആദില്‍ ഖാന്‍ രക്ഷകനായി മാറുകയായിരുന്നു. കോര്‍ണറില്‍ നിന്നുമാണ് ഗോള്‍ നേടിയത്. ഹെഡ്ഡറിലൂടെയായിരുന്നു ആദിലിന്റെ സമനില ഗോള്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs bangladesh live score fifa world cup 2022 qualifiers live streaming ind 1 1 ban in 2nd half