കൊൽക്കത്ത: കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ബോളർമാർ. ഇന്ത്യൻ ബോളർമാരുടെ കരുത്തിൽ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 106 ൽ അവസാനിച്ചു. അഞ്ചു വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയാണ് ബോളർമാരിൽ തിളങ്ങിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. നാലു റൺസെടുത്ത ഇമ്രുൾ കായിസിനെ മടക്കി ഇഷാന്ത് ശർമയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ മൊമിനുൾ ഹഖിനെയും മുഹമ്മദ് മിഥുനെയും അടുത്തടുത്ത പന്തുകളിൽ ഉമേഷ് കൂടാരം കയറ്റി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മുഷ്ഫിഖുർ റഹ്മാന്റെ കുറ്റിതെറിപ്പിച്ചത് ഷമിയായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ഷദ്മാനെ സാഹയുടെ കൈകളിൽ എത്തിച്ച് ഉമേഷ് വീണ്ടും ഇന്ത്യയ്ക്ക് മേൽക്കൈ നൽകി.

ലിറ്റൺ ദാസ് ടീമിന്റെ സ്കോർ വേഗത കൂട്ടിയെങ്കിലും പരുക്ക് മൂലം ക്രീസ് വിട്ടതോടെ ടീം തകർന്നു. 19 റൺസെടുത്ത നയീം ഹസനെ ഇഷാന്ത് ശർമ്മ എറിഞ്ഞിട്ടതോടെ ബംഗ്ലാദേശിന്റെ നടുവൊടിഞ്ഞു. പിന്നാലെ എത്തിയ എല്ലാവരും വളരെ പെട്ടെന്ന് തന്നെ മടങ്ങി. 29 റൺസെടുത്ത ഷദ്മാൻ ഇസ്‌ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോററർ. ലിറ്റൺ ദാസ് 24 റൺസെടുത്തു.

india test match, ie malayalam

ഇൻഡോറിൽ നടന്ന ആദ്യ മത്സരത്തിൽ ആധികാരിക വിജയം നേടിയ ഇന്ത്യ കൊൽക്കത്തയിലും ജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ടി20 പരമ്പര നഷ്ടമായ ബംഗ്ലാദേശിന് ഒരു ടെസ്റ്റ് വിജയംപോലും ആശ്വാസമാണ്.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ ആദ്യത്തെ ഡേ-നൈറ്റ് മത്സരം കളിക്കുന്നത്. ബംഗ്ലാദേശാണ് എതിരാളികൾ. മത്സരം കാണാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എത്തി.

ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മത്സരമാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ്. കൊൽക്കത്തയിൽ ആരംഭിച്ച മത്സരം ശ്രദ്ധ നേടുന്നത് വാശിയേറിയ പോരാട്ടംകൊണ്ടോ? നായകൻ വിരാട് കോഹ്‌ലിയുടെയും മായങ്കിന്റെയുമൊക്കെ ബാറ്റിങ് മികവുകൊണ്ടോ, ബോളർമാരുടെ അറ്റാക്കിങ് മികവുകൊണ്ടോ മാത്രമാകില്ല. പകലും രാത്രിയുമായി നടക്കുന്ന മത്സരമെന്ന നിലയിൽ കൂടിയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സാധാരണയായി ഉപയോഗിച്ചുപോരുന്ന ചുവപ്പ് പന്തിന് പകരം പിങ്ക് പന്ത് ഉപയോഗിച്ചായിരിക്കും മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook