ബംഗ്ലാദേശിനെ 150 റൺസിന് പുറത്താക്കി ഒന്നാം ദിനം തന്നെ ആദ്യ ഇന്നിങ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം. മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ ഉയരുകയായിരുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. 43 റൺസെടുത്ത പൂാജരയും 37 റൺസുമായി ക്രീസിലുള്ള മായങ്ക് അഗർവാളും നാളെ ഇന്ത്യയ്ക്കായി ബാറ്റിങ് പുനരാരംഭിക്കും.
നേരത്തെ ആറു റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ടീം സ്കോർ 14ൽ നിൽക്കെ രോഹിത്തിനെ അബു ജയേദ് ലിറ്റൺ ദാസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച മായങ്കും പൂജാരയും ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു.
ബോളർമാരുടെ മികവിൽ ഇന്ത്യ ബംഗ്ലാദേശിനെ 150 റൺസിന് പുറത്താക്കിയിരുന്നു. ടോസ് അനുകൂലമായിരുന്നിട്ടും തുടക്കം മുതൽ ബംഗ്ലാദേശിന് പിഴച്ചു. ടീം സ്കോർ 12ൽ എത്തിയപ്പോഴേക്കും അടുത്തടുത്ത ഓവറുകളിൽ ബംഗ്ലാദേശ് ഓപ്പണർമാർ കൂടാരം കയറി. ഇമ്രുൾ കായീസിനെ ആറാം ഓവറിൽ ഉമേഷ് യാദവും ഷദ്മാൻ ഇസ്ലാമിനെ ഏഴാം ഓവറിൽ ഇഷാന്ത് ശർമയും മടക്കി. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ മുഹമ്മദ് മിഥുനെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ബംഗ്ലാദേശിന് മൂന്നാം വിക്കറ്റും നഷ്ടമായി.
പിന്നീട് കണ്ടത് നായകൻ മൊമിനൂൾ ഹഖിന്റെയും മുഷ്ഫിഖുർ റഹ്മാന്റെയും രക്ഷാപ്രവർത്തനം. എന്നാൽ നായകനെ മടക്കി അശ്വിൻ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മുഷ്ഫിഖറിന്റെ കുതിപ്പിം 43 റൺസിൽ അവസാനിച്ചു. മുഷ്ഫിഖറാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഉച്ചഭക്ഷണത്തിന് ശേഷം ഒന്നിനുപുറകെ ഒന്നായി വലറ്റം അതിവേഗം കൂടാരം കയറിയതോടെ ബംഗ്ലാദേശ് ഇന്നിങ്സ് 150 റൺസിന് അവസാനിച്ചു.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശർമ, ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.
ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്ലി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ടി20 പരമ്പരയിൽ വിരാടിന് വിശ്രമം അനുവദിച്ചിരുന്നു.