ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് മികച്ച തുടക്കം. ഇന്ന് നടന്ന പരിശീലന മത്സരത്തിൽ എതിരാളികളായ ബംഗ്ലാദേശിനെ 240 റൺസിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 7 വിക്കറ്റ് നഷ്ടത്തിൽ 324 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 84 റൺസ് മാത്രമെ എടുക്കാൻ കഴിഞ്ഞുള്ളു.

ഓവലിലെ പിച്ചിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രോഹിത് ശർമ്മയുടേയും(1) രഹാനയുടെയും (11)വിക്കറ്റുകൾ പിഴുത് മികച്ച തുടക്കമാണ് ബംഗ്ലാദേശ് നേടിയത്. എന്നാൽ ശിഖർ ധവാനും ദിനേശ് കാർത്തിക്കും ഇന്ത്യയുടെ സ്കോർ ഉയർത്തി. 67 പന്തിൽ 7 ബൗണ്ടറികൾ ഉൾപ്പടെ 60 റൺസാണ് ധവാൻ നേടിയത്. 77 പന്ത് നേരിട്ട കാർത്തിക് 8 ഫോറുകളും 1 സിക്സറുമടക്കം 94 റൺസാണ് നേടിയത്. പിന്നീട് എത്തിയ ഹർദ്ദിഖ് പാണ്ഡ്യ കൂറ്റൻ അടികൾ കാഴ്ചവെച്ചതോടെ ഇന്ത്യൻ സ്കോർ 300 കടന്നു. 54 പന്തിൽ നിന്ന് 4 സിക്സറുകളുടേയും, 6 ഫോറുകളുടെയും അകമ്പടിയോടെയാണ് പാണ്ഡ്യ 80 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യയെ വെല്ലുവിളിക്കാൻ സാധിച്ചില്ല. 3 വീതം വിക്കറ്റുകൾ വീഴ്ത്തി ഭുവനേശ്വർ കുമാറും ഉമേഷ് യാദവും ബംഗ്ലാദേശിനെ തകർത്തു. കേവലം 22 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 24 റൺസ് എടുത്ത മെഹദി ഹസനാണ് ബംഗ്ലാദേശിനെ 50 കടത്തിയത്. ബംഗ്ലാദേശ് നിരയിൽ 3 പേർ മാത്രമാണ് 2 അക്കം കടന്നത്.

ജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഒരുക്കം ഗംഭിരമാക്കി. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 45 റൺസിനാണ് ഇന്ത്യ തകർത്തത്. ജൂൺ നാലിന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook