ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം ഇന്ന്. ഡൽഹിയിലെ പുകമഞ്ഞിൽ ജയം മാത്രം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം. യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് നായകൻ രോഹിത് ശർമ്മയും ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡും ആവർത്തിച്ചതോടെ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

വിൻഡീസിനെതിരെ അവരുടെ നാട്ടിൽ ടി20 പരമ്പര നേടിയ ഇന്ത്യ സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സമനിലയിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരെ ആധികാരിക ജയമാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. നായകൻ വിരാട് കോഹ്‌ലി ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 2018 ഒക്ടോബർ മുതൽ ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലുമായി 48 മത്സരങ്ങളാണ് കോഹ്‌ലി കളിച്ചത്. ഇതോടെയാണ് താരത്തിന് വിശ്രമം അനുവദിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.

Also Read: ഞങ്ങളും ഉണ്ടേ! വനിതകള്‍ക്ക് പിന്നാലെ റഷ്യ കടന്ന് പുരുഷന്മാരും ഒളിമ്പിക്സിന്

വിലക്ക് നേരിടുന്ന ഷാക്കിബ് അൽ ഹസന് പകരം ബംഗ്ലാദേശിനും പുതിയ നായകനാണ്. ബംഗ്ലാദേശിനെ മഹ്മദുള്ളയുമാണ് നയിക്കുന്നത്. ഷാക്കിബിന്റെ അഭാവം ടീമിന് വലിയ നഷ്ടം തന്നെയാണ്. അഴിമതി വിരുദ്ധ നിയമത്തിലെ മൂന്ന് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഷാക്കിബിനെതിരെയുള്ള നടപടി. രണ്ടു വര്‍ഷത്തേക്കു വിലക്കാനാണ് ഐസിസി തീരുമാനിച്ചതെങ്കിലും താരം കുറ്റസമ്മതം നടത്തിയതിനാല്‍ നടപടി ഒരു വര്‍ഷത്തേക്ക് ചുരുക്കി.

ആദ്യ മത്സരത്തിൽ തന്നെ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലുണ്ടായേക്കുമെന്ന സൂചന നായകൻ രോഹിത് ശർമ്മ നൽകിയിരുന്നു. സഞ്ജുവിനെ പോലുള്ള താരങ്ങൾ ടീമിലുണ്ടാകണമെന്ന് രോഹിത് ശർമ്മ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സഞ്ജു മികച്ച താരമാണ്. മികച്ച കളിയാണ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു കാഴ്ചവെക്കുന്നത്. അതേ സമയം നാളത്തെ മത്സരത്തിൽ പിച്ചിന്റെ സാഹചര്യം കൂടി നോക്കിയാകും സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയെന്നും രോഹിത് ശർമ പറഞ്ഞു.

Also Read: വില്ലനായി മുസ്തഫ നിങ്; കേരള ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് നയിച്ചത് ആ ഫൗളുകൾ

2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സഞ്ജുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയാണ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിൽ വീണ്ടും സഞ്ജുവിന് മുന്നിൽ തുറന്നത്. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡും വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജുവും ശിവം ദുബെയും അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് റാത്തോഡിന്റെ പ്രതികരണം.

ഇന്ത്യ ടി20 ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ ഠാക്കൂര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook