നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാ കടുവകള്‍ക്കായില്ല. ബംഗ്ലാദേശ് ഇന്നിങ്‌സ് 144 റണ്‍സില്‍ അവസാനിച്ചു. മൊഹമ്മദ് നയീമിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് നിരയ്ക്ക് ഓര്‍ത്തുവയ്ക്കാനുള്ളത്. ഈ വിജയത്തോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഹാട്രിക് അടക്കം ആറ് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

ഇന്ത്യയുടേതിന് സമാനമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കവും. ഓപ്പണര്‍ ലിറ്റണ്‍ ദാസ് ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്ന സൗമ്യ സര്‍ക്കാരിനെ അക്കൗണ്ട് തുറക്കും മുമ്പേ ദീപക് ചാഹര്‍ തിരിച്ചയച്ചു. എന്നാല്‍ മുഹമ്മദ് മിഥുനുമൊത്ത് നയിം ബംഗ്ലാദേശ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടു പോയി. പക്ഷെ 27 റണ്‍സെടുത്ത് മിഥുന്‍ പുറത്തായതോടെ ബംഗ്ലാദേശിന്റെ നില തെറ്റി. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ കാഴ്ച്ചക്കാരനായി നില്‍ക്കുകയായിരുന്നു നയിം. താരം 48 പന്തുകളില്‍ നിന്നും 81 റണ്‍സാണ് നേടിയത്. ഇതില്‍ 10 ഫോറും രണ്ട് സിക്‌സുമുള്‍പ്പെടും.

ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരില്‍ നയിമും മിഥുനുമല്ലാതെ മറ്റാരം രണ്ടക്കം പോലും കടന്നില്ല. ബാറ്റുകൊണ്ട് പരമ്പരയിലൂടനീളം കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ശിവം ദൂബെ ഇന്ന് ബോളിങ്ങില്‍ തിളങ്ങി. ദൂബെ മൂന്ന് വിക്കറ്റ് നേടി. ബംഗ്ലാദേശിന്റെ മുന്‍നിരയേയും വാലറ്റത്തേയും തകര്‍ത്ത ദീപക് ചാഹര്‍ ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതിലൊരു ഹാട്രിക്കും ഉള്‍പ്പെടും. വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചാഹര്‍ ആറ് വിക്കറ്റെടുത്തത്. ടി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഇന്ത്യയുടെ ആദ്യ ഹാട്രിക്കും ഇതോടെ ചാഹറിന് സ്വന്തം. ചാഹല്‍ ഒരു വിക്കറ്റും നേടി.

നിശ്ചിത ഓവറില്‍ 174 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്. നായകന്‍ രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും ഇന്ത്യയ്ക്ക് കളിയുടെ തുടക്കത്തിലേ നഷ്ടമായിരുന്നു. രോഹിത് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധവാന്റെ സമ്പാദ്യം 19 റണ്‍സായിരുന്നു.

എന്നാല്‍ പിന്നാലെ കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും കൈകോര്‍ത്തതോടെ കളി ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നതാണ് നാഗ്പൂരില്‍ കണ്ടത്. കഴിഞ്ഞ കളികളിലെ മോശം പ്രകടനത്തിന് പഴി കേട്ട രാഹുല്‍ തന്റെ പിഴവുകള്‍ക്കിന്ന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടിയാണ് പുറത്തായത്. രാഹുല്‍ 35 പന്തില്‍ 52 റണ്‍സെടുത്തു.

രാഹുല്‍ പുറത്തായപ്പോഴും ശ്രേയസ് ആക്രമണം തുടര്‍ന്നു. താരം 33 പന്തുകളില്‍ നിന്നും അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 62 റണ്‍സാണ് അടിച്ചുകൂട്ടിയത്.അയ്യരുടെ ആദ്യ ടി20 അര്‍ധ സെഞ്ചുറിയാണിത്. എന്നാല്‍ ഋഷഭ് പന്ത് ഒരിക്കല്‍ കൂടി പരാജയമായി മാറി. ഒമ്പത് പന്തില്‍ ആറ് റണ്‍സെടുത്താണ് പന്ത് പുറത്തായത്. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെ കത്തിക്കയറി. പാണ്ഡെ 22 റണ്‍സാണ് നേടിയത്. ഇതിനിടെ മോശം ഫീല്‍ഡിങ്ങും ബംഗ്ലാദേശിന് തിരിച്ചടിയായി. നിരവധി ക്യാച്ചുകളാണ് ബംഗ്ലാദേശ് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook