നാഗ്പൂര്‍: തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ശക്തമായി തിരികെ വന്ന് ഇന്ത്യ. നിശ്ചിത ഓവറില്‍ 174 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്. നായകന്‍ രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും ഇന്ത്യയ്ക്ക് കളിയുടെ തുടക്കത്തിലേ നഷ്ടമായിരുന്നു. രോഹിത് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധവാന്റെ സമ്പാദ്യം 19 റണ്‍സായിരുന്നു.
എന്നാല്‍ പിന്നാലെ കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും കൈകോര്‍ത്തതോടെ കളി ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നതാണ് നാഗ്പൂരില്‍ കണ്ടത്. കഴിഞ്ഞ കളികളിലെ മോശം പ്രകടനത്തിന് പഴി കേട്ട രാഹുല്‍ തന്റെ പിഴവുകള്‍ക്കിന്ന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടിയാണ് പുറത്തായത്. രാഹുല്‍ 35 പന്തില്‍ 52 റണ്‍സെടുത്തു.
രാഹുല്‍ പുറത്തായപ്പോഴും ശ്രേയസ് ആക്രമണം തുടര്‍ന്നു. താരം 33 പന്തുകളില്‍ നിന്നും അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 62 റണ്‍സാണ് അടിച്ചുകൂട്ടിയത്.അയ്യരുടെ ആദ്യ ടി20 അര്‍ധ സെഞ്ചുറിയാണിത്. എന്നാല്‍ ഋഷഭ് പന്ത് ഒരിക്കല്‍ കൂടി പരാജയമായി മാറി. ഒമ്പത് പന്തില്‍ ആറ് റണ്‍സെടുത്താണ് പന്ത് പുറത്തായത്. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെ കത്തിക്കയറി. പാണ്ഡെ 22 റണ്‍സാണ് നേടിയത്. ഇതിനിടെ മോശം ഫീല്‍ഡിങ്ങും ബംഗ്ലാദേശിന് തിരിച്ചടിയായി. നിരവധി ക്യാച്ചുകളാണ് ബംഗ്ലാദേശ് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്.
ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ഇടം നേടിയില്ല. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ത്യയ്ക്കെതിരെ ചരിത്രത്തിലെ ആദ്യ ടി20 ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് ഒരു മത്സരം കൂടി ജയിച്ച് ആദ്യ പരമ്പര നേട്ടവും ലക്ഷ്യമിടുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ ഈ സീസണിൽ നാട്ടിൽ തങ്ങളുടെ ആദ്യ ടി20 പരമ്പരയും മുന്നിൽ കാണുന്നു. അതുകൊണ്ട് തന്നെ വിജയം ഇരുടീമുകൾക്കും ഒരുപോലെ ആവശ്യമാണ്.
വിരാട് കോഹ്‌ലിയുൾപ്പടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ ഇന്ത്യയുടെ പ്രധാന ലക്ഷ്യം 2020ൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കണ്ടെത്തുകയെന്നതാണ്.