രാജ്ഘോട്ട്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിറങ്ങും. ഡല്‍ഹിയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ന് ഇന്ത്യയ്ക്ക് മുന്നില്‍ ജയപ്രതീക്ഷയുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് ജയിക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടും. അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ മുന്നില്‍ കാണുന്നില്ല.
അതേസമയം, ഇന്ന് ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്നാണ് കരുതപ്പെടുന്നത്. കെ.എല്‍.രാഹുലും ഋഷഭ് പന്തുമെല്ലാം ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ ടീമില്‍ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയെങ്കില്‍ രാഹുലിന് പകരം മലയാളിതാരം സഞ്ജു വി.സാംസണ്‍ ഇന്ന് ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
2015 സിംബാബ്‌വെയ്‌ക്കെതിരായിരുന്നു സഞ്ജു ആദ്യവും അവസാനവുമായി ഇന്ത്യയ്ക്കായി കളിച്ചത്. സഞ്ജുവിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ ട്വീറ്റും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. മാച്ച് ഡേ, ലെറ്റ്‌സ് ഗോ.. എന്ന ക്യാപ്ഷനോടെ സഞ്ജു പോസ്റ്റ് ചെയ്ത ചിത്രം താരം ടീമിലുണ്ടാകുമെന്ന സൂചനയായാണ് ആരാധകര്‍ വിലയിരുത്തുന്നത്.
Match day….
Let’s goooooo ! #stronger&stronger#SAMSON pic.twitter.com/u7LFYtnY34— Sanju Samson (@IamSanjuSamson) November 7, 2019
പന്തിനെ കീപ്പറായി നിലനിര്‍ത്തി തന്നെ സഞ്ജുവിനെ ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ പരാജയപ്പെട്ട ശിവം ദൂബെയ്ക്ക് ഇന്ത്യ ഒരു അവസരം കൂടി നല്‍കുമോ എന്നതും സഞ്ജുവിന്റെ സെലക്ഷനെ ബാധിക്കും. അതേസമയം, ടി20 പരമ്പരയെ മുന്നോട്ടുള്ള മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പായും യുവതാരങ്ങള്‍ക്ക് സ്വയം തെളിയിക്കാനുള്ള അവസരവുമാണ് രോഹിത് ശര്‍മ്മ കാണുന്നത്.
”ഇതാണ് താരങ്ങള്‍ക്ക് സ്വയം പ്രകടിപ്പിക്കാനാവുക. അങ്ങനെ അവര്‍ക്ക് ടെസ്റ്റിനും ഏകദിനത്തിനും തയ്യാറെടുക്കാനാകും. ടി20യില്‍ തുടങ്ങി പിന്നീട് ടെസ്റ്റിലും ഏകദിനത്തിലുമെത്തി താരങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്. ഞങ്ങളുടെ ബെഞ്ചും കരുത്തുറ്റതായിരിക്കണമെന്നാണ് ലക്ഷ്യം. അതുകൊണ്ട് ഒരുപാട് പുതിയവര്‍ക്ക് അവസരം നല്‍കും. അതിനര്‍ത്ഥം ജയിക്കേണ്ടതില്ല എന്നല്ല. ജയമാണ് എന്നും പ്രധാനം. പക്ഷെ ഇവര്‍ക്കിത് പഠിക്കാനുള്ള അവസരം കൂടിയാണ്. ഞാനടക്കം പലരും പഠിച്ചതും ഇങ്ങനെയാണ്” എന്നായിരുന്നു രോഹിത് പറഞ്ഞത്.
വിരാടിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്. നായകന്റെ വാക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള സാധ്യതയാണ് കാണുന്നത്.