രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്കു വിജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളുള്ള ടി20 പരമ്പര 1-1 എന്ന നിലയിലായി. മൂന്നാം ട്വന്റി 20 മത്സരം ഇരു ടീമുകൾക്കും നിർണായകമാകും.

രണ്ടാം ട്വന്റി 20 യിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 154 റൺസായിരുന്നു. 15.4 ഓവറിൽ വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ത്യൻ നായകനും ഓപ്പണർ ബാറ്റ്‌സുമാനുമായ രോഹിത് ശർമ ഒരറ്റത്ത് നിലയുറപ്പിച്ചപ്പോൾ ഇന്ത്യൻ വിജയം അനായാസമായി. 43 പന്തിൽ നിന്ന് 85 റൺസാണ് ഹിറ്റ്‌മാൻ സ്വന്തം പേരിലാക്കിയത്. ട്വന്റി 20 യിലെ 18-ാം അർധ സെഞ്ച്വറിയാണ് രോഹിത് രാജ്‌കോട്ടിൽ നേടിയത്.

തുടക്കം മുതലേ ആക്രമിച്ചു കളിച്ച രോഹിത് അതിവേഗം സ്‌കോർ ബോർഡ് ചലിപ്പിച്ചു. അർധ സെഞ്ച്വറി നേടിയ ശേഷം രോഹിത് കൂടുതൽ അക്രമണകാരിയായി. പത്താം ഓവറിലെ ആദ്യ മൂന്നു പന്തുകളും തുടർച്ചയായി രോഹിത് സിക്‌സർ പറത്തി. കൂറ്റനടിക്കു ശ്രമിച്ചാണ് ഒടുവിൽ രോഹിത്തിനു വിക്കറ്റ് നഷ്ടമായതും. അപ്പോഴേക്കും ഇന്ത്യ വിജയത്തിലേക്ക് അടുത്തു കഴിഞ്ഞിരുന്നു. രോഹിത്തിനൊപ്പം തുടക്കം മുതലേ നന്നായി ബാറ്റ് വീശിയ ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ നിന്ന് 31 റൺസ് നേടി. ശ്രേയസ് അയ്യര്‍ 23 റണ്‍സും ലോകേഷ് രാഹുല്‍ എട്ട് റണ്‍സും നേടി പുറത്താകാതെ നിന്നു.

നൂറാം രാജ്യാന്തര ട്വന്റി 20 യാണ് രോഹിത് ശർമ രാജ്‌കോട്ടിൽ പൂർത്തിയാക്കിയത്. 100 ട്വന്റി 20 കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്ററാണ് രോഹിത് ശർമ. നൂറാം ട്വന്റി 20 യിൽ രോഹിത് സെഞ്ച്വറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും കൂറ്റനടിക്കു ശ്രമിച്ച് താരം പുറത്താകുകയായിരുന്നു. സെഞ്ച്വറിയിൽ കുറഞ്ഞതൊന്നും ഹിറ്റ്‌മാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴുള്ള രോഹിത്തിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 ട്വന്റി 20 കളിച്ച പുരുഷ താരമെന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് രോഹിത്. പാക്ക് താരം ശുഐബ് മാലിക് 111 ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Read Also: ‘ഇതെന്താണു പന്തേ!’ സ്റ്റംപിനു മുന്നില്‍ കയറി പന്തു പിടിച്ചു; തൊട്ടടുത്ത ഓവറില്‍ പകരം വീട്ടി, വീഡിയോ

ആദ്യം ബാറ്റു ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി 153 റൺസ് നേടി. ഇന്ത്യ വരുത്തിയ ഫീൽഡിങ് പിഴവുകൾ ബംഗ്ലാദേശിനു തുണയായി. പലപ്പോഴും മിസ് ഫീൽഡിങ്ങുകളുടെ ഘോഷയാത്രയായിരുന്നു ഇന്ത്യ വരുത്തിയത്.

ആത്മവിശ്വാസത്തോടെ ആദ്യം മുതലേ ബാറ്റ് വീശിയ ബംഗ്ലാദേശ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിയെങ്കിലും ഇടവേളകളിലായുള്ള വിക്കറ്റ് വീഴ്‌ച റണ്ണൊഴുക്ക് കുറച്ചു. ടീം ടോട്ടൽ 60 ൽ എത്തിയപ്പോഴാണ് ബംഗ്ലാദേശിനു ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപ്പണർമാരായ മുഹമ്മദ് നയീം 36 റൺസും ലിറ്റൺ ദാസ് 29 റൺസും നേടി. സൗമ്യ സര്‍ക്കാരും ക്യാപ്റ്റന്‍ മഹ്മദുള്ളയും 30 വീതം റണ്‍സ് നേടി ടീം ടോട്ടല്‍ ഉയര്‍ത്തി. ഇന്ത്യയ്ക്കുവേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ടും ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കാന്‍ ഇറങ്ങുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കളിയിലെ ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook