ഇൻഡോർ: രണ്ടാം ഇന്നിങ്സിലും അടിതെറ്റിയ ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ ഇന്നിങ്സ് തോൽവിയിലേക്ക്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബംഗ്ലാദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സന്ദർശകർക്ക് നാല് വിക്കറ്റ് കൈയ്യിലിരിക്കെ 199 റൺസ് കൂടി വേണം. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്.

60 റൺസെടുക്കുന്നതിനിടെ ബംഗ്ലാദേശിന് 4 വിക്കറ്റ് നഷ്ടമായി. ഷാദ്മാൻ ഇസ്‌ലാം (6), ഇമ്രുൽ കയേസ് (6), ക്യാപ്റ്റൻ മോമിനുൽ ഹഖ് (7), മുഹമ്മദ് മിഥുൻ (18) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് തുടക്കത്തിൽ നഷ്ടമായത്. 15 റൺസെടുത്ത മഹമദ്ദുള്ളയെ ഷമിയും തകർത്തടിച്ച ലിറ്റൺ ദാസിനെ അശ്വിനും വീഴ്ത്തിയതോടെ ഇന്ത്യ വീണ്ടും മത്സരത്തിൽ പിടിമുറുക്കി.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഇശാന്ത് ശർമ്മയും ഉമേഷ് യാദവും അശ്വിനും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Read Also: എല്ലാം ചേട്ടന്‍ പറയും പോലെ! സെഞ്ചുറി പോരെന്ന് കോഹ്‌ലി; വാക്ക് പാലിച്ച് മായങ്ക്

ഒന്നാം ഇന്നിങ്സ് ഇന്ത്യ 493 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. 343 റൺസ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഇസ്‌ലാമും കയേസും ക്രീസിൽ നിലയുറപ്പിക്കും മുൻപേ പവലിയനിലേക്ക് മടങ്ങി. ഏഴു റൺസെടുത്ത മോനിമുളിനെ മുഹമ്മദ് ഷമി എൽബിയിൽ കുരുക്കി. 18 റൺസുമായി മുന്നേറിയ മിഥുൻ ഷമിയുടെ ബോളിൽ മായങ്ക് അഗർവാളിന്റെ ക്യാച്ചിലൂടെ പുറത്തായി.

india, bengladesh, test match, ie malayalam

മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുടെ കരുത്തിലാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സായിരുന്നു ഇന്ത്യൻ സ്കോർ. 243 റണ്‍സെടുത്ത മായങ്കാണ് ഇന്ത്യയുടെ താരം. ഓപ്പണര്‍ രോഹിത് ശർമ ആറ് റണ്‍സിനു പുറത്തായ ഇന്നിങ്‌സ് ചേതേശ്വര്‍ പൂജാരയുമൊത്താണ് മായങ്ക് പടുത്തുയര്‍ത്തിയത്. അജിന്‍ക്യ രാഹനെയുമൊത്ത് 190 റണ്‍സാണ് മായങ്ക് കൂട്ടിച്ചേര്‍ത്തത്. പൂജാര 54 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. നാലാം വിക്കറ്റില്‍ മായങ്കും രഹാനെയും ഒത്തുചേര്‍ന്നതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലേക്ക് മാറുകയായിരുന്നു. 172 പന്തുകളിലാണ് രഹാനെ 86 റണ്‍സെടുത്തത്.

india, bengladesh, test match, ie malayalam

ചായ്ക്ക് ശേഷം മടങ്ങിയെത്തിയ മായങ്ക് അതിവേഗം 200 ലേക്ക് കുതിച്ചു. 303 പന്തുകളില്‍ നിന്നും 25 ഫോറും അഞ്ച് സിക്‌സുമടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ചുറി. 329 പന്തില്‍ 243 റണ്‍സുമായാണ് ഓപ്പണര്‍ പുറത്താകുന്നത്. അപ്പോഴേക്കും ബംഗ്ലാദേശ് പന്തിന് പിന്നാലെ ഓടിത്തളര്‍ന്നിരുന്നു. മായങ്ക് പുറത്തായെങ്കിലും ജഡേജ ഇന്നിങ്‌സ് ഏറ്റെടുത്തു. ആക്രമിച്ചു കളിച്ച ജഡേജ സ്‌കോര്‍ വേഗം കൂട്ടി. ഒപ്പം ഉമേഷ് യാദവും ആഞ്ഞടിച്ചു.

രണ്ട് സിക്‌സും ആറ് ഫോറുമടക്കം 76 പന്തുകളില്‍ നിന്നും ജഡേജ 60 റണ്‍സ് നേടി. ഉമേഷ് യാദവ് 10 പന്തില്‍ നിന്നും 25 റൺസെടുത്തു. ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത് അബു ജയേദാണ്. നേരത്തെ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്തായിരുന്നു. 43 റണ്‍സെടുത്ത മുഷ്ഫിഖൂര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook