ഇന്‍ഡോര്‍: മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയും ഉമേഷ് യാദവുമാണ് ക്രീസില്‍. 243 റണ്‍സെടുത്ത മായങ്കാണ് ഇന്ത്യയുടെ താരം.

ഓപ്പണര്‍ രോഹിത് ശർമ ആറ് റണ്‍സിനു പുറത്തായ ഇന്നിങ്‌സ് ചേതേശ്വര്‍ പൂജാരയുമൊത്താണ് മായങ്ക് പടുത്തുയര്‍ത്തിയത്. അജിന്‍ക്യ രാഹനെയുമൊത്ത് 190 റണ്‍സാണ് മായങ്ക് കൂട്ടിച്ചേര്‍ത്തത്. പൂജാര 54 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. നാലാം വിക്കറ്റില്‍ മായങ്കും രഹാനെയും ഒത്തുചേര്‍ന്നതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലേക്ക് മാറുകയായിരുന്നു. 172 പന്തുകളിലാണ് രഹാനെ 86 റണ്‍സെടുത്തത്.

Read Also: എല്ലാം ചേട്ടന്‍ പറയും പോലെ! സെഞ്ചുറി പോരെന്ന് കോഹ്‌ലി; വാക്ക് പാലിച്ച് മായങ്ക്

ചായ്ക്ക് ശേഷം മടങ്ങിയെത്തിയ മായങ്ക് അതിവേഗം 200 ലേക്ക് കുതിച്ചു. 303 പന്തുകളില്‍ നിന്നും 25 ഫോറും അഞ്ച് സിക്‌സുമടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ചുറി. 329 പന്തില്‍ 243 റണ്‍സുമായാണ് ഓപ്പണര്‍ പുറത്താകുന്നത്. അപ്പോഴേക്കും ബംഗ്ലാദേശ് പന്തിന് പിന്നാലെ ഓടിത്തളര്‍ന്നിരുന്നു. മായങ്ക് പുറത്തായെങ്കിലും ജഡേജ ഇന്നിങ്‌സ് ഏറ്റെടുത്തു. ആക്രമിച്ചു കളിച്ച ജഡേജ സ്‌കോര്‍ വേഗം കൂട്ടി. ഒപ്പം ഉമേഷ് യാദവും ആഞ്ഞടിച്ചു.

രണ്ട് സിക്‌സും ആറ് ഫോറുമടക്കം 76 പന്തുകളില്‍ നിന്നും 60 റണ്‍സ് നേടിയിട്ടുണ്ട് ജഡേജ. ഉമേഷ് യാദവ് 10 പന്തില്‍ നിന്നും 25 റണ്‍സുമായി ജഡേജയ്‌ക്കൊപ്പം ക്രീസിലുണ്ട്. ഇതിനിടെ വന്ന സാഹ 12 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത് അബു ജയേദാണ്. നേരത്തെ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്തായിരുന്നു. 43 റണ്‍സെടുത്ത മുഷ്ഫിഖൂര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മൊമിനുല്‍ ഹഖ് 37 റണ്‍സ് നേടി. മൂന്ന് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യയുടെ ബോളിങ് നയിച്ചത്. ഇശാന്ത് ശര്‍മ്മയും ഉമേഷ് യാദവും ആര്‍.അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook