ഇൻഡോർ: സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാളിന് പിന്നാലെ ഉപനായകൻ അജിൻക്യ രഹാനെയും അർധസെഞ്ചുറി തികച്ചതോടെ ഇൻഡോർ ടെസ്റ്റിൻ ഇന്ത്യൻ ലീഡ് ഉയരുന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ്. 138 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. 154 റൺസുമായി മായങ്ക് അഗർവാളും 71 റൺസ് നേടിയ രഹാനെയുമാണ് ക്രീസിൽ.

ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ നിന്നും രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ പൂജാരയെയും നഷ്ടമായി. 54 റൺസെടുത്ത അബു ജായേദ്, സെയ്ഫ് ഹസന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നാലെ അക്കൗണ്ട് തുറക്കാതെ നായകൻ വിരാട് കോഹ്‌ലിയും പുറത്തായി. നേരിട്ട രണ്ടാം പന്തിൽ ഇന്ത്യൻ നായകനെ അബു ജായേദ് വിക്കറ്റിന് മുന്നിൽ കുടുക്കി.

Also Read: രാഹുല്‍ ദ്രാവിഡ് ഇരട്ട പദവി വഹിക്കുന്നില്ല; പരാതി തള്ളി ബിസിസിഐ>

എന്നാൽ അഞ്ചാമനായി ഇറങ്ങിയ അജിൻക്യ രഹാനെ മായങ്ക് അഗർവാളിന് പിന്തുണ നൽകി സ്കോർ ഉയർത്തി. ഇരുവരുടെയും മികച്ച ഫോമിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 150 ഇന്ത്യ അനായാസം മറികടന്നു. ക്രീസിൽ നിലയുറപ്പിച്ച് കളിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.

ബോളർമാരുടെ മികവിലാണ് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 150 ൽ ഇന്ത്യ അവസാനിപ്പിച്ചത്. ടോസ് അനുകൂലമായിരുന്നിട്ടും തുടക്കം മുതൽ ബംഗ്ലാദേശിന് പിഴച്ചു. ടീം സ്കോർ 12ൽ എത്തിയപ്പോഴേക്കും അടുത്തടുത്ത ഓവറുകളിൽ ബംഗ്ലാദേശ് ഓപ്പണർമാർ കൂടാരം കയറി. ഇമ്രുൾ കായീസിനെ ആറാം ഓവറിൽ ഉമേഷ് യാദവും ഷദ്മാൻ ഇസ്‌ലാമിനെ ഏഴാം ഓവറിൽ ഇഷാന്ത് ശർമയും മടക്കി. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ മുഹമ്മദ് മിഥുനെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ബംഗ്ലാദേശിന് മൂന്നാം വിക്കറ്റും നഷ്ടമായി.

മൊമിനൂൾ ഹഖിമും മുഷ്ഫിഖുർ റഹ്മാനും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നായകനെ മടക്കി അശ്വിൻ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മുഷ്ഫിഖറിന്റെ കുതിപ്പിം 43 റൺസിൽ അവസാനിച്ചു. മുഷ്ഫിഖറാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഉച്ചഭക്ഷണത്തിന് ശേഷം ഒന്നിനുപുറകെ ഒന്നായി വലറ്റം അതിവേഗം കൂടാരം കയറിയതോടെ ബംഗ്ലാദേശ് ഇന്നിങ്സ് 150 റൺസിന് അവസാനിച്ചു.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശർമ, ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook