എഎഫ്‍സി ഏഷ്യൻ കപ്പിലെ നിർണായക പോരാട്ടത്തിന്റെ ബഹ്റൈനെതിരെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ സമനില പാലിക്കുന്നു. ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
തുടക്കത്തിൽ തന്നെ സൂപ്പർ താരം അനസ് എടത്തൊടിക പരിക്കേറ്റ് പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ തുടരെ തുടരെ ബഹ്‍റൈൻ ഇന്ത്യൻ പ്രതിരോധ കോട്ട തകർത്ത് ഗോളവസരങ്ങൾ സൃഷ്ടിച്ചു. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. സന്ദേശ് ജിങ്കന്റെ പ്രകടനവും ഇന്ത്യൻ ഗോൾ വലയ്ക്ക് മുന്നിൽ നിർണായകമായി.
ആറ് തവണയാണ് ബഹ്‍റൈൻ ഇന്ത്യൻ ഗോൾ വല ലക്ഷ്യമാക്കി ഷോട്ടെടുത്തത്. പന്ത് കൈവശം വെയ്ക്കുന്നതിലും പാസുകളിലും ബഹ്‍റൈൻ മുന്നിട്ട് നിന്നപ്പോൾ ഇന്ത്യയുടെ പ്രതിരോധവും ഗോൾകീപ്പറുമാണ് ഗോൾ വഴങ്ങുന്നതിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
ബഹ്‍റൈനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ നയിക്കുന്നത് മധ്യനിര താരം പ്രണോയ് ഹാൾദാറാണ്. ഓരോ മത്സരത്തിലും വ്യത്യസ്ത നായകന്മാരെ ഇറക്കുന്ന റൊട്ടേഷൻ ശൈലിയാണ് ഇന്ത്യ ഏഷ്യൻ കപ്പിലും തുടരുന്നത്. ഇതാദ്യമായാണ് ഹാൾഡർ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും ടീമിൽ ഒരു മാറ്റവും ഇന്ത്യ വരുത്തിയിട്ടുണ്ട്. മധ്യനിരയിൽ അനിരുദ്ധ് ഥാപയ്ക്ക് പകരം റൗളിൻ ബോർഗസ് ഇടം നേടി. ഇന്ത്യ 4-4-2 ശ്രേണിയിലാവും ഇന്നും മൈതാനത്തിറങ്ങുകയെന്നാണ് കരുതുന്നത്.