ചരിത്രമെഴുതാതെ നീലകടുവകൾ ഏഷ്യൻ കപ്പിൽ നിന്ന് പുറത്ത്. ബഹ്‍റൈനെതിരായ നിർണായക മത്സരത്തിൽ തോൽവി വഴങ്ങിയായിരുന്നു ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യൻ പരാജയം. തുടക്കം മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ബഹ്‍റൈൻ ഗോൾ ശ്രമങ്ങൾ പലതും തട്ടിയകറ്റിയ ഇന്ത്യ അവസാന മിനിറ്റിൽ വരുത്തിയ പിഴവാണ് ബഹ്‍റൈൻ വിജയം ഉറപ്പാക്കിയത്.
കളിയുടെ അധികസമയത്തായിരുന്നു (90+) ബഹ്‍റൈൻ ഇന്ത്യൻ ഗോൾ വല ചലിപ്പിച്ചത്. അവസാന മിനിറ്റിൽ ഇന്ത്യൻ ബോക്സിനുള്ളിൽ പ്രതിരോധം വരുത്തിയ പിഴവ് പെനാൽറ്റിയിൽ കലാശിച്ചു. കിക്കെടുത്ത് ജമാൽ റാഷിദ് ഇന്ത്യൻ ഗോൾ വല ചലിപ്പിച്ചു. ഇന്ത്യക്ക് മുന്നിൽ പുറത്തേക്കുള്ള വാതിൽ തുറന്നിട്ട് ബഹ്‍റൈന് ജയം.
തുടക്കത്തിൽ തന്നെ സൂപ്പർ താരം അനസ് എടത്തൊടിക പരിക്കേറ്റ് പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ തുടരെ തുടരെ ബഹ്‍റൈൻ ഇന്ത്യൻ പ്രതിരോധ കോട്ട തകർത്ത് ഗോളവസരങ്ങൾ സൃഷ്ടിച്ചു. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയത്. സന്ദേശ് ജിങ്കന്റെ പ്രകടനവും ഇന്ത്യൻ ഗോൾ വലയ്ക്ക് മുന്നിൽ നിർണായകമായി.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ബഹ്‍റൈന്റെ ശക്തമായ പ്രകടനത്തിന് മത്സരം സാക്ഷിയായത്. രണ്ടാം പകുതിയിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബഹ്‍റൈൻ വിജയിച്ചു. എന്നാൽ ലക്ഷ്യം കാണാൻ അവസാന മിനിറ്റിലെ പെനാൽറ്റി വരെ കാത്തിരിക്കേണ്ടി വന്നു അറേബ്യൻ ശക്തികൾക്ക്.
മത്സരത്തിൽ 22 തവണയാണ് ബഹ്‍റൈൻ ഇന്ത്യൻ ഗോൾ വല ലക്ഷ്യമാക്കി ഷോട്ടെടുത്തത്, അതിൽ ആറ് തവണ ഷോട്ട് ഓൺ ടാർഗറ്റും. പന്ത് കൈവശം വെയ്ക്കുന്നതിലും പാസുകളിലും ബഹ്‍റൈൻ മുന്നിട്ട് നിന്നപ്പോൾ ഇന്ത്യൻ പ്രതിക്ഷകൾ അവസാനിപ്പിച്ച് ബഹ്റൈൻ വിജയം. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയെ തകർത്ത ബഹ്‍റൈനും ആതിഥേയരായ യുഎഇയും പ്രീക്വാർട്ടിലേക്ക്.