ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര പുരോഗമിക്കുമ്പോള്‍ രസകരമായ ഒരു കണക്കാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഈ മൂന്ന് മത്സരങ്ങളും ഇന്ത്യന്‍ ടീം ബാറ്റ് ചെയ്തിരിക്കുന്നത് 48.2 ഓവര്‍!. മൂന്ന് മത്സരങ്ങളിലും ഇന്ത്യ ബാറ്റ് ചെയ്ത ഓവര്‍ നിരക്ക് കണ്ട് ക്രിക്കറ്റ് ആരാധകരും അത്ഭുതം കൂറിയിരിക്കുകയാണ്.
ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയാണ് ആദ്യം ബാറ്റ് ചെയ്തത്. 49.3 ഓവറില്‍ 242 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. 48.2 ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. 48.2 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടായപ്പോള്‍ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 250 റണ്‍സ്. എന്നാല്‍, എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 242 റണ്‍സിന് ഓള്‍ഔട്ടായി. എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ, ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്‍പിലെത്തി.
മൂന്നാം ഏകദിനത്തില്‍ ഓസീസായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്ട്രേലിയ സ്വന്തമാക്കിയത് 313 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് ഇത്തവണയും 48.2 ഓവറില്‍ പൂര്‍ത്തിയായി. 313 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 281 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. റാഞ്ചിയില്‍ നടന്ന ഏകദിനത്തില്‍ 32 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ, അഞ്ച് ഏകദിനങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായി.
പരമ്പരയിലെ നാലാം ഏകദിനം നാളെ മൊഹാലിയില്‍ നടക്കും.