ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ വലിയ മുതൽക്കൂട്ട് എന്നായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനം വിജയിച്ചശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞത്. മനീഷ്യ പാണ്ഡ്യയുമായി ചേർന്ന് അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം നേടിക്കൊടുത്തതിൽ നിർണായക പങ്ക് വഹിച്ചത്. 72 ബോളിൽനിന്നായി 78 റൺസാണ് 23 കാരനായ ഹാർദിക് പാണ്ഡ്യ നേടിയത്.

”ഹാർദിക്കിനെ പോലെ ഓൾ റൗണ്ടറായ ഒരാളെയാണ് ഇന്ത്യൻ ടീമിന് ആവശ്യം. രോഹിതും രഹാനെയും മികച്ച പ്രകടനമാണ് ഇന്നലെ നടത്തിയത്. അവർ കഴിഞ്ഞാൽ പിന്നെ ഹാർദിക് പാണ്ഡ്യയാണ്. ഹാർദിക് പാണ്ഡ്യ ഇന്നലെ നടത്തിയ പ്രകടനം അയാൾക്ക് മാത്രമേ കഴിയൂ. ഹാർദിക് ഒരു സ്റ്റാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ മികച്ച പ്രകടനം നടത്താൻ ഹാർദിക്കിന് സാധിക്കും. കഴിഞ്ഞ അഞ്ചു ആറു വർഷമായി ഹാർദിക്കിനെ പോലൊരാളെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു”.

”ഓൾ റൗണ്ടറായ ഒരാളുടെ അസാന്നിധ്യം ഇന്ത്യൻ ടീമിനുണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യ അത് നികത്തി. ഇന്ത്യൻ ടീമിന്റെ വലിയ മുതൽക്കൂട്ടാണ് ഹാർദിക്. മുന്നോട്ടുളള ഹാർദിക്കിന്റെ ജീവിതത്തിനും കരിയറിനും എല്ലാവിധ ആശംസകളും നേരുന്നു” മൽസരശേഷം കോഹ്‌ലി പറഞ്ഞു. ഇന്നലത്തെ മൽസരത്തിൽ ഹാർദിക്കിനെ നാലാമനായിട്ടാണ് ഇറക്കിയത്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും കോഹ്‌ലി നൽകുന്നത് കോച്ച് രവി ശാസ്ത്രിക്കാണ്. ”ഹാർദിക്കിനെ നാലാമതായി ഇറക്കാം എന്ന ആശയം പറഞ്ഞത് രവി ഭായ് ആണ്. സ്പിന്നർമാരെ നേരിടാൻ ഹാർദിക്കിന് കഴിയുമെന്ന് അദ്ദേഹം കരുതി. ഞാനും അദ്ദേഹത്തിന്റെ ഈ ആശയത്തെ പൂർണമായും അംഗീകരിച്ചു”- കോഹ്‌ലി പറഞ്ഞു.

മൽസരശേഷം ഡ്രസിങ് റൂമിൽ കോഹ്‌ലി റിപ്പോർട്ടറുടെ തൊപ്പിയണിഞ്ഞ് ഹാർദിക് പാണ്ഡ്യയെ ഇന്റർവ്യൂ ചെയ്തു. ഇതിന്റെ വിഡിയോ കോഹ്‌ലി തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനവും ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. വ്യാഴാഴ്ച ബെംഗളൂരുവിലാണ് നാലാം ഏകദിനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ