ധരംശാല: ഇന്ത്യൻ മണ്ണിലെ പിച്ചുകളെല്ലാം സ്പിന്നർമാരെ തുണയ്ക്കുന്നതാണെന്നാണ് വയ്പ്. മത്സരങ്ങളുടെ ചരിത്രങ്ങളും അത് ശരിവയ്ക്കുന്നുണ്ട്. ചിലപ്പോൾ ബാറ്റ്സ്മാൻമാരെ അകമഴിഞ്ഞ് തുണയ്ക്കും, ചിലപ്പോൾ ബോളർമാരെ പിന്തുണയ്ക്കും. എന്നാൽ ഈ സ്ഥിരം കാഴ്ചപ്പാടിനെ തിരുത്തി എഴുതുകയാണ് ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ധരംശാല മൈതാനം. ചെറിയ പച്ചപ്പുള്ള പിച്ച് മൂന്നു ദിവസമായി ഒരേ സ്വഭാവമാണ് കാണിച്ചത്. ആദ്യദിനം മുതൽ ഫാസ്റ്റ് ബോളർമാർക്ക് നല്ല ബൗൺസും വേഗതയും ധരംശാല പിച്ച് നൽകി. ഇരു ടീമുകളുടെയും സ്പിന്നർമാരും നേട്ടം കൊയ്തു.

ധരംശാലയിലെ പിച്ച് ഓസ്ട്രേലിയൻ പിച്ചുകൾക്ക് സമാനമായതാണെന്ന് കഴിഞ്ഞ ദിവസം നൈഥൻ ലിയോൺ പറഞ്ഞിരുന്നു. ഓസ്ട്രേലിയയിലെ പെർത്ത് പിച്ചിനോടാണ് ലിയോൺ ധരംശാലയെ ഉപമിച്ചത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കായി നാലു വിക്കറ്റ് എടുത്ത കുൽദീപ് യാദവാണ് തിളങ്ങിയത്. രണ്ടു വിക്കറ്റ് പിഴുത് ഉമേഷ് യാദവും പിന്തുണ നൽകി. ഓസ്ട്രേലിയൻ നിരയിൽ നൈഥൻ ലിയോണും, മൂന്നു വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിൻസും കരുത്തറിയിച്ചു. ധരംശാലയിലെ പിച്ചിൽ ക്ഷമയോടെ ബാറ്റ് ചെയ്തവർ മാത്രമാണ് റൺസ് കണ്ടെത്തിയത്.

രണ്ടാം ഇന്നിങ്സിലും പിച്ചിന് കാര്യമായ മാറ്റമുണ്ടായില്ല. ഓസ്ട്രേലിയക്ക് അപ്രതീക്ഷ തകർച്ചയുണ്ടായെങ്കിലും ഇന്ത്യൻ ബോളർമാരുടെ ഉജ്ജ്വല പ്രകടനമാണ് ഇതിന് വഴിവച്ചത്. ഉമേഷ് യാദവ് കാഴ്ചവച്ച പ്രകടനം സമീപകാലത്തെ ഒരു ഇന്ത്യൻ ഫാസ്റ്റ് ബോളറുടെ മികച്ച പ്രകടനമാണ്. 140 കിലോമീറ്റർ വേഗത്തിന് മുകളിലാണ് ഉമേഷ് യാദവ് പന്തെറിഞ്ഞത്. വാർണറുടെയും റെൻഷോയുടെയും ഉൾപ്പടെ മൂന്നു വിക്കറ്റുകളാണ് ഉമേഷ് യാദവ് സ്വന്തമാക്കിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയുടെ സ്പിൻ തമ്പുരാക്കൻമാരായ അശ്വിനും ജഡേജയും ഓസ്ട്രേലിയൻ വധം പൂർത്തിയാക്കി.

മൂന്നു ദിവസം പൂർത്തിയായിട്ടും പിച്ചിൽ വലിയ കുഴികളും പൊടിയും ഒന്നും കാണാനില്ലെന്നതും ശ്രദ്ധേയമാണ്. കരുതലോടെ ബാറ്റ് വീശിയാൽ മാത്രമേ ധരംശാലയിൽ റൺസ് കണ്ടെത്താനാകൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ