ഓസ്ട്രിലേയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ചില റെക്കോർഡുകൾ സ്വന്തം പേരിലാക്കി. ഏകദിനത്തിലെ 41-ാം സെഞ്ചുറിയാണ് കോഹ്‌ലി റാഞ്ചിയിൽ കുറിച്ചത്. 85 ബോളുകളിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ നാഗ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു കോഹ്‌ലിയുടെ 40-ാം സെഞ്ചുറി.

കരിയറിലെ 41-ാം സെഞ്ചുറി നേടിയ കോഹ്‌ലിക്ക് സച്ചിൻ ടെൻഡുൽക്കറെ മറി കടക്കാൻ ഇനി വേണ്ടത് 8 സെഞ്ചുറികൾ മാത്രം. സച്ചിന്റെ പേരിൽ 49 സെഞ്ചുറികളാണുളളത്. മുഴുവൻ ഫോർമാറ്റിലുമായി കോഹ്‌ലിയുടെ 66-ാം സെഞ്ചുറിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ എട്ടാമത്തേയും. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കോഹ്‌ലിക്കാണ്. ഈ റെക്കോർഡ് നേരത്തെ സച്ചിന്റെ പേരിലായിരുന്നു. സച്ചിൻ 7 സെഞ്ചുറികളാണ് ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്.

Read: കോഹ്‌ലിയുടെ സെഞ്ചുറി പാഴായി; ഓസ്ട്രേലിയയ്ക്ക് 32 റൺസ് ജയം

ഏകദിനത്തിൽ 4,000 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായും കോഹ്‌ലി മാറി. മഹേന്ദ്ര സിങ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി എന്നിവരാണ് പട്ടികയിലെ മറ്റുളളവർ. ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽനിന്നും 4,000 റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്‌ലി നേടി. ക്യാപ്റ്റനായ 63 മത്സരങ്ങളിൽനിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെയാണ് കോഹ്‌ലി മറികടന്നത്. 77 ഏകദിനങ്ങളിൽനിന്നാണ് ഡിവില്ലിയേഴ്സ് ഈ നേട്ടം കൈവരിച്ചത്. 100 മത്സരങ്ങളിൽനിന്നായി 4,000 റൺസ് തികച്ച ധോണി മൂന്നാം സ്ഥാനത്തും 10 മത്സരങ്ങളിൽനിന്നായി നേട്ടം കൈവരിച്ച സൗരവ് ഗാംഗുലി നാലാം സ്ഥാനത്തുമുണ്ട്.

റാഞ്ചിയിൽ 32 റൺസിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർ ഓസീസ് ബോളർമാർക്ക് മുന്നിൽ മുട്ടു മടക്കിയപ്പോൾ കോഹ്‌ലി ഒറ്റയ്ക്ക് നിന്ന് പൊരുതുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും കോഹ്‌ലി മനോധൈര്യം കൈവിട്ടില്ല. ആത്മവിശ്വാസത്തോടെ പൊരുതി സെഞ്ചുറി നേടി. ഒടുവിൽ സാംപെയുടെ പന്തിൽ മടങ്ങുമ്പോൾ കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചത് 123 റൺസ്. ഇതിൽ 16 ഫോറും ഒരു സിക്സുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook