അഡ്‌ലെയ്ഡ്: എം.എസ്.ധോണിയുടെ ഫിനിഷ് മികവില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. അവസാന ഓവറോളം നീണ്ട മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ ഒന്നാം പന്ത് സിക്‌സ് അടിച്ചാണ് ധോണി ഇന്ത്യയെ ഒപ്പമെത്തിച്ചത്. പിന്നാലെ സിംഗിള്‍ നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം.

അര്‍ധസെഞ്ചുറി നേടിയ ധോണിയും ദിനേശ് കാര്‍ത്തിക്കുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ധോണി 54 പന്തില്‍ നിന്നും 55 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലാണ് ധോണി അര്‍ധ സെഞ്ചുറി നേടുന്നത്. ദിനേശ് കാര്‍ത്തിക് 14 പന്തില്‍ നിന്നും 25 റണ്‍സ് നേടി.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 ന്റെ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ കോഹ്‌ലി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 108 പന്തുകളില്‍ നിന്നുമാണ് വിരാട് സെഞ്ചുറി തികച്ചത്. അഞ്ച് ഫോറും രണ്ട് സിക്‌സുമായി ഓസീസ് ബോളര്‍മാരെ വെള്ളം കുടിപ്പിച്ചായിരുന്നു വിരാടിന്റെ കുതിപ്പ്. വിരാടിന്റെ 39-ാം ഏകദിന സെഞ്ചുറിയാണ് ഇന്ന് പിറന്നത്.

നേരത്തെ ഭേദപ്പെട്ട തുടക്കം സമ്മാനിച്ച ഓപ്പണര്‍മാര്‍ വീണതോടെ കളിയുടെ നിയന്ത്രണം വിരാട് ഏറ്റെടുക്കുകയായിരുന്നു. 52 പന്തില്‍ നിന്നും 43 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് രോഹിത്തിനെ പുറത്താക്കിയത്. 32 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. ജെയ്‌സണ്‍ ബെഹ്‌റന്‍ഡോഫാണ് ധവാനെ പുറത്താക്കിയത്.

പിന്നാലെ വന്ന അമ്പാട്ടി റായിഡു 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റായിഡുവിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്നിങ്‌സ് പടുത്തുയര്‍ത്തുമ്പോഴായിരുന്നു മാക്‌സ് വെല്‍ റായിഡുവിനെ പുറത്താക്കിയത്. റായിഡുവിന് ശേഷം വന്ന എം.എസ്.ധോണിയുമൊത്ത് വിരാട് ഇന്ത്യയെ തിരികെ കൊണ്ടു വരികയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ഷോൺ മാർഷിന്റെ മികച്ച ബാറ്റിങ്ങാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. മാർഷൽ 131 റൺസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook