scorecardresearch

ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത വജ്രായുധം; സ്റ്റീവ് സ്മിത്ത് പോലും അംഗീകരിച്ച വിദർഭ കൊടുങ്കാറ്റ്

ഇന്ത്യ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറാണ് ഉമേഷ് യാദവ്

ഇന്ത്യ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറാണ് ഉമേഷ് യാദവ്

author-image
Ranju Mathai
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഉമേഷ് യാദവിന്റെ വീട്ടിൽ കളളൻ കേറി

ധരംശാല: ആദ്യ ടെസ്റ്റ് മുതൽ അവസാന ടെസ്റ്റ് വരെ നീണ്ടു നീന്ന ആവേശപ്പോരാട്ടമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയെ ശ്രദ്ധേയമാക്കിയത്. ആദ്യ ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് ശേഷം പിന്നിൽ നിന്ന് പൊരുതിക്കയറിയ ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി തിരിച്ചുപിടിച്ച് ചരിത്രം കുറിച്ചു. രവീന്ദർ ജഡേജയും, രവിചന്ദൻ അശ്വിനും, ചേതേശ്വർ പൂജാരയും, കെ.എൽ.രാഹുലുമൊക്കെ പരമ്പര നേട്ടത്തിന്റെ നെടുംതൂണുകളായി​ എന്ന് മാധ്യമങ്ങളും വാഴ്ത്തി. എന്നാൽ ഇവരാരും കാണാതെ പോയ മറ്റൊരു താരമുണ്ട്. നാലു ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 17 ഓസ്ട്രേലിയൻ വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവാണ് ആ താരം. ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ഫാസ്റ്റ് ബോളറാണ് ഈ ഉത്തർപ്രദേശുകാരൻ. 145 കിലോമീറ്റർ വേഗതയിൽ കൃത്യതയോടെ പന്തെറിഞ്ഞ യാദവാണ് ഓസ്ട്രേലിയക്ക് വലിയ ഭീഷണിയായത്. ഈ കണ്ടത്തെലിന് സാക്ഷ്യം പറയുന്നത് മറ്റാരുമല്ല ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് തന്നെയാണ്. ഇന്ത്യൻ മണ്ണിൽ തങ്ങളെ ഏറ്റവും കൂടുതൽ കുഴക്കിയ ബോളർ ഉമേഷ് യാദവാണ് എന്നാണ് സ്റ്റീവ് സ്മിത്ത് പറഞ്ഞത്.

Advertisment

ആദ്യ ടെസ്റ്റ് മുതൽ ഒരേ പ്രകടനം, എല്ലാ മത്സരത്തിലും വിക്കറ്റുകൾ, കൃത്യതയാർന്ന ബോളിങ് ഇതായിരുന്നു ഉമേഷ് യാദവിന്റെ പ്രകടനം. പുണെ ടെസ്റ്റിൽ രണ്ടു ഇന്നിങ്സുകളിലുമായി ആറു വിക്കറ്റുകളാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. ബെംഗളൂരുവിലും, റാഞ്ചിയിലും മൂന്നു വിക്കറ്റുകൾ വീതമാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. പരമ്പരയിലെ നിർണായക മത്സരത്തിൽ ഉമേഷ് യാദവിന്റെ ബോളിങ് ക്രിക്കറ്റ് ആരാധകർ ആരും മറക്കില്ല. യാദവ് ബോൾ ചെയ്യാൻ ഓടി അടുക്കുമ്പോൾ ആരാധകർ വിക്കറ്റ് പ്രതീക്ഷിക്കുന്നു. ഓരോ പന്തിലും ആക്രമണോത്സുകത, തീപാറുന്ന ബൗൺസറുകൾ, ലൈനും, ലെങ്തും എല്ലാം കിറുകൃത്യം. ആദ്യ ഇന്നിങ്സിൽ മാറ്റ്​ റെൻഷോയും, ഷോൺ മാർഷുമായിരുന്നു ഉമേഷിന്റെ ഇരകൾ. റെൻഷോയുടെ കുറ്റി തെറുപ്പിച്ച യാദവിന്റെ പന്ത് ലോകോത്തരമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഡേവിഡ് വാർണറുടേയും, റെൻഷോയുടെയും, ലിയോണിന്രേയും വിക്കറ്റും യാദവ് പിഴുതു.

ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ച ഉമേഷ് യാദവാണ് ഈ പരമ്പരിയിലെ താരമെന്നാണ് ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി പറഞ്ഞത്. ഉമേഷ് യാദവ് ഈ ഫോം തുടർന്നാൽ വിദേശ പിച്ചുകളിലും ഇന്ത്യ വിജയക്കൊടി നാട്ടുമെന്നും ഗാംഗുലി പ്രവചിക്കുന്നു.

publive-image

ജവഹൽ ശ്രീനാഥിനും സഹീർ ഖാനും ശേഷം ഇന്ത്യൻ കുപ്പായത്തിൽ നിരവധി പേസർമാരാണ് കളിച്ചത്. ലക്ഷ്മിപതി ബാലാജി, ഇർഫാൻ പഠാൻ, ആർ.പി.സിങ്, ശ്രീശാന്ത്... തുടങ്ങി അനവധി പേസർമാർ ടീമിൽ വന്ന് പോയി. പക്ഷെ ആർക്കും തന്നെ ടീമിൽ സ്ഥിരത നിലനിർത്താനായില്ല. 2011ൽ വെസ്റ്റ് ഇൻഡീസിന് എതിരെയായിരുന്നു ഉമേഷ് യാദവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. വെസ്റ്റ് ഇൻഡീസ് താരം കിർക്ക് എഡ്വേസായിരുന്നു ഉമേഷ് യാദവിന്രെ ആദ്യ ഇര. 140 കിലോ മീറ്റർ വേഗത്തിൽ പന്തെറിയുന്ന താരം എന്ന ഖ്യാതിയായിരുന്നു ഉമേഷ് യാദവിന് ദേശീയ കുപ്പായം അണിയാൻ അവസരം ഉണ്ടാക്കിയത്. 2012 ൽ ഓസ്ട്രേലിയൻ മണ്ണിൽ നടന്ന പരമ്പരയിൽ ഇന്ത്യ​ൻ പേസ് ആക്രമണത്തിന്റെ ഭാഗമായിരുന്നു ഉമേഷ് യാദവ്. ഫാസ്റ്റ് ബോളർമാരുടെ സ്വപ്നഭൂമി എന്നും ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പ് എന്നും ഖ്യാതിയുള്ള പെർത്ത് പിച്ചിൽ അഞ്ചു വിക്കറ്റ് പ്രകടനം നേടി ഉമേഷ് യാദവ് സെലക്ടർമാരുടെ വിശ്വാസം കാത്തു.

Advertisment

publive-image

പക്ഷെ പിന്നീട് ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബോളർമാരുടെ പേരുകൾ മാറിമാറി വന്നു. ആർക്കും സ്ഥിരമായ സ്ഥാനം ടീമിൽ ഉണ്ടായിരുന്നില്ല. പിച്ചുകൾക്ക് അനുസരിച്ച് ടീമിനെ സെലക്ടർമാർ ഉടച്ചു വാർത്തു. ഇശാന്ത് ശർമയും, ഉമേഷ് യാദവും അവസാന പതിനൊന്നിൽ ഇടംപിടിക്കാൻ മത്സരിച്ചു. ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിലും ഇന്ത്യയുടെ നീലകുപ്പായത്തിൽ കളിക്കാൻ ഉമേഷ് യാദവിന് അവസരം ലഭിച്ചു. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് താരമാണ് ഉമേഷ് യാദവ്.

താരങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ കോച്ചിങ് ടീമിന്രെ നിലപാടുകൾ മാറിയതോടെയാണ് ഉമേഷ് യാദവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ഫിറ്റ്നസിനും താരങ്ങളുടെ പ്രകടനങ്ങൾക്കും പ്രാധാന്യം നൽകിയ കോച്ചുമാർ എല്ലാവർക്കും കൃത്യമായ അവസരങ്ങൾ നൽകി. ഒരു മത്സരത്തിൽ മങ്ങിപ്പോയാൽ അടുത്ത മത്സരത്തിൽ പുറത്തിരുത്തുന്ന ശീലം ഇന്ത്യ ഉപേക്ഷിച്ചത് താരങ്ങളുടെ ആത്മവിശ്വാസം വർധിക്കുന്നതിന് കാരണമായി. ​ഈ കോച്ചിങ് രീതി ഇന്ത്യയെ റാങ്കിങ്ങിലും ഉയർച്ചകളിലേക്ക് എത്തിച്ചു. സച്ചിനും, ദ്രാവിഡും, ഗാംഗുലിയും കളം ഒഴിഞ്ഞപ്പോൾ കളി കാണുന്നത് അവസാനിപ്പിച്ച ആരാാധകർ ഇന്ത്യയുടെ പ്രൊഫഷണൽ സ്റ്റൈലിനെ അഭിനന്ദിച്ച് തിരിച്ചെത്തി. ഈ സമീപനം തന്നെയാണ് ഉമേഷ് യാദവ് എന്ന താരത്തെ വളർത്തിയതും. വേഗതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഉമേഷ് യാദവ് കൂടുതൽ റൺസ് വഴങ്ങാറുണ്ടായിരുന്നു. എന്നാൽ ഈ ശീലത്തെ യാദവ് മാറ്റിയെടുത്തിരിക്കുകയാണ്. ഫാസ്റ്റ് ബോളിങ് ഇതിഹാസം ബ്രറ്റ്‌ലിയോടാണ് വിദഗ്ധർ ഉമേഷ് യാദവിനെ വാഴ്ത്തുന്നത്. ആക്രമണോത്സുകത തന്നെയാണ് ഉമേഷ് യാദവ് എന്ന ബോളറെ വ്യത്യസ്തനാക്കിയിരിക്കുന്നത്.

പൊലീസുകാരനാകാൻ ആഗ്രഹിച്ച ഉമേഷ് യാദവ് 19-ാം വയസ്സിലാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. രഞ്ജി ട്രോഫിയിൽ വിദർഭയ്ക്കായി അരങ്ങേറിയ യാദവ് പിന്നീട് ശ്രദ്ധേയനായി. 2008 ൽ നടന്ന ദുലീപ് ട്രോഫിയിൽ രാഹുൽ ദ്രാവിഡിന്റെയും വി.വി.എസ്.ലക്ഷമണിന്റെയും വിക്കറ്റ് പിഴുത് യാദവ് കൈയ്യടിയും നേടി. 2010ൽ ഡൽഹി ഡെയർ ഡെവിൾസിനായി അരങ്ങേറ്റം കുറിച്ച പിന്നീട് ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയതാരമായി. ഖനി തൊഴിലാളിയായ തിലക് യാദവിന്റേയും അന്തരിച്ച കിഷോരി ദേവിയുടേയും മകനാണ് ഉമേഷ് യാദവ്. ഫാഷൻ ഡിസൈനറായ ടാനിയ വധ്വയാണ് വധു.

India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: