പെർത്ത്: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ക്യാപ്റ്റന്മാരുടെ വാക്കേറ്റം. നാലാം ദിനത്തിലായിരുന്നു കളിക്കളത്തിൽവച്ച് ഓസീസ് നായകൻ പെയ്നും ഇന്ത്യൻ നായകൻ കോഹ്‌ലിയും തമ്മിൽ കൊമ്പുകോർത്തത്. ക്യാപ്റ്റന്മാരുടെ പെരുമാറ്റം അതിരുവിട്ടതോടെ അമ്പയർ ക്രിസ് ജെഫാനി ഇടപെടുകയും ഇരുവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും ക്യാപ്റ്റന്മാർ തമ്മിൽ വാക്പോര് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നാലാം ദിനത്തിലും ഇരുവരും തമ്മിൽ ഉരസലുണ്ടായത്. ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ റൺ പൂർത്തിയാക്കാൻ ഓടുന്നതിനിടെയായിരുന്നു സംഭവം. ക്യാപ്റ്റന്മാരുടെ പെരുമാറ്റം അതിരുവിടുന്നുവെന്ന് മനസ്സിലാക്കിയ അമ്പയർ ‘ഇതു മതി, ഇനി കളിക്കാൻ നോക്കൂ’ എന്നു നിർദ്ദേശിച്ചു. ‘നിങ്ങൾ ടീമിന്റെ ക്യാപ്റ്റനാണ് ടിം’ എന്ന് ഓസീസ് നായകനെ അമ്പയർ ഓർമിപ്പിക്കുകയും ചെയ്തു. ‘ശാന്തനാകൂ, വിരാട്’ എന്ന് ഇന്ത്യൻ നായകനോട് അമ്പയർ പറയുന്നതും പുറത്തുവന്ന വീഡിയോയിൽ കേൾക്കാം.

മൂന്നാം ദിനത്തിലും കോഹ്‌ലിയും പെയ്നും തമ്മിൽ ഉരസിയിരുന്നു. പെയ്നെ പുറത്താക്കാൻ ഇന്ത്യ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ‘ഈ ഔട്ട് അംപയർ അനുവദിച്ചിരുന്നെങ്കിൽ പരമ്പര 2–0 ആയേനെ’ എന്നായിരുന്നു കോഹ്‍ലി പറഞ്ഞത്. ആദ്യ ടെസ്റ്റ് വിജയിച്ചതുപോലെ രണ്ടാം ടെസ്റ്റും ഇന്ത്യ നേടുമെന്നായിരുന്നു കോഹ്‌ലി ഉദ്ദേശിച്ചത്. ‘അതിനു മുൻപ് നിങ്ങൾ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്’ എന്നായിരുന്നു കോഹ്‌ലിക്ക് ഓസീസ് നായകൻ നൽകിയ മറുപടി.

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 287 റൺസാണ് ജയിക്കാൻ വേണ്ടത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 243 ന് അവസാനിച്ചു. ഓസ്ട്രേലിയയുടെ ഓവർഓൾ ലീഡ് 286 ആണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ 43 റൺസിന്റെ ലീഡാണ് ഓസീസ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ഉസ്മാൻ ഖ്വാജയുടെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയുടെ ലീഡ് ഉയർത്തിയത്. ഖ്വാജ 72 റൺസെടുത്തു. ക്യാപ്റ്റൻ ടിം പെയ്ൻ 37 റൺസും ആരോൺ ഫിഞ്ച് 25 റൺസെടുത്തും പുറത്തായി. മർക്കസ് ഹാരിസ് 20 റൺസെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി ആറു വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് കരിയറിൽ ആദ്യമായാണ് ഒരു ഇന്നിങ്സിൽ ഷമി ആറു വിക്കറ്റുകൾ നേടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ