സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ജനുവരി ഏഴിന് സിഡ്നിയിൽ ആരംഭിക്കും. നാല് മത്സരങ്ങളുടെ പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇരു ടീമുകളും. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ഇരു കൂട്ടർക്കും നിർണായകം. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടുത്തോളം ബൗളിങ് നിരയിൽ വലിയ ആശങ്ക നിലനിൽക്കുന്നു. മൊഹമ്മദ് ഷമിക്ക് പിന്നാലെ ഉമേഷ് യാദവിനും പരുക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. മൂന്നാം ടെസ്റ്റിൽ ഉമേഷ് യാദവിന് പാകരം ശർദുൽ താക്കൂറോ ടി.നടരാജനോ കളിക്കും. പരുക്കേറ്റ ഉമേഷ് യാദവ് നാട്ടിലേക്ക് മടങ്ങി.
ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ് എന്നിവരാണ് നിലവിൽ പേസ് നിരയിലുള്ളത്. ഈ കൂട്ടത്തിലേക്ക് ഒരാൾ കൂടി വേണം. ടി.നടരാജന് തന്നെയാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ട്. എന്നാൽ, ശർദുൽ താക്കൂറിന് നടരാജനേക്കാൾ പരിചയ സമ്പത്തുള്ളതിനാൽ ശർദുലിനും സാധ്യതയുണ്ട്. ആർ.അശ്വിനും രവീന്ദ്ര ജഡേജയും തന്നെയായിരിക്കും സ്പിൻ നിരയിൽ ഉണ്ടാകുക.
Read Also: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ചൈനയിലും; ജാഗ്രത
അതേസമയം, ബാറ്റിങ് നിരയിൽ കാര്യമായ മാറ്റങ്ങൾ ഇന്ത്യ വരുത്തിയേക്കും. പരുക്ക് ഭേദമായി ഓസ്ട്രേലിയയിലെത്തിയ രോഹിത് ശർമ സിഡ്നിയിൽ പരിശീലനം ആരംഭിച്ചു. രോഹിത്തിന് ഇന്ന് ഫിറ്റ്നസ് ടെസ്റ്റുണ്ട്. ഇതിനുശേഷമായിരിക്കും മൂന്നാം ടെസ്റ്റിൽ രോഹിത്തിന്റെ സാധ്യത എത്രത്തോളമെന്ന് ഉറപ്പിക്കാൻ സാധിക്കുക. ഓപ്പണർ സ്ഥാനത്തുനിന്ന് മായങ്ക് അഗർവാളിനെ നീക്കാനാണ് സാധ്യത. രോഹിത് ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചാൽ മായങ്കിന് പകരം ഓപ്പണറായി കളിക്കാൻ അവസരം ലഭിച്ചേക്കും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ഇന്നിങ്സുകളിൽ നിന്ന് 31 റൺസ് മാത്രമാണ് മായങ്ക് ഇതുവരെ നേടിയിരിക്കുന്നത്.
മധ്യനിരയിൽ ഹനുമ വിഹാരിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. പരമ്പരയിൽ 45 റൺസ് മാത്രമാണ് വിഹാരി ഇതുവരെ നേടിയിരിക്കുന്നത്. മായങ്കിനെയും വിഹാരിയെയും ഒഴിവാക്കിയാൽ രോഹിത് ശർമയ്ക്കൊപ്പം കെ.എൽ.രാഹുലിനുമാണ് സാധ്യത. കെ.എൽ.രാഹുലിനെ ഓപ്പണറാക്കി രോഹിത് ശർമയെ മധ്യനിരയിൽ കളിപ്പിക്കുന്നതും ടീമിന് ഗുണം ചെയ്യും. കോഹ്ലിയുടെ അസാന്നിധ്യത്തിൽ രോഹിത്തിന്റെയും രാഹുലിന്റെയും അനുഭവ സമ്പത്ത് ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരും. ശുഭ്മാൻ ഗിൽ ഓപ്പണറായി തുടരും.