ഇന്ത്യയ്‌ക്കെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പര സമനിലയിലായാൽ പോലും ഓസീസിന് നാണക്കേടാണെന്ന് ഓസ്‌ട്രേലിയയുടെ മുൻനായകൻ റിക്കി പോണ്ടിങ്. 2018-19 ടെസ്റ്റ് പരമ്പരയിലെ തോൽവിയേക്കാൾ ദുരന്തമായിരിക്കും ഈ പരമ്പര സമനിലയിലായാൽ എന്ന് പോണ്ടിങ് പറഞ്ഞു.
“ഈ പരമ്പര സമനിലയിൽ ആയാൽ പോലും മുൻപ് പരമ്പര തോറ്റതിനേക്കാളും ദുരന്തമായിരിക്കും. ഓസീസിന് വലിയൊരു തിരിച്ചടിയായിരിക്കും അത്. 20 കളിക്കാരിൽ പലരും പരുക്കേറ്റ് പരമ്പരയിൽ നിന്ന് പിൻവാങ്ങി. എന്നിട്ടും ഇന്ത്യയുടെ പോരാട്ടവീര്യത്തിന് ശക്തി കുറഞ്ഞില്ല. ഇത്തവണ വാർണറും സ്‌മിത്തും ഓസീസ് ടീമിലുണ്ട്. എന്നിട്ടും പരമ്പര ജയിക്കാൻ സാധിക്കാത്തത് 2018-19 വർഷത്തിൽ ടെസ്റ്റ് പരമ്പര തോറ്റതിനേക്കാൾ ദുരന്തമായിരിക്കും,”ക്രിക്കറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പോണ്ടിങ് പറഞ്ഞു.
അതേസമയം, ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ ജയിക്കുമെന്ന് തന്നെയാണ് പോണ്ടിങ് പ്രതീക്ഷിക്കുന്നത്. അസാമാന്യ പോരാട്ടവീര്യമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. ഒരു പരമ്പരയിലുടനീളം ഇങ്ങനെയൊരു പോരാട്ടവീര്യം പുറത്തെടുക്കാൻ ഒരു ടീമിനും സാധിക്കില്ല. എപ്പോഴെങ്കിലും ഈ വീര്യം അവർ നഷ്ടപ്പെടുത്തും. ഇപ്പോൾ കാണിക്കുന്ന പോരാട്ടവീര്യം ഇന്ത്യ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനമായ നാളെ പുറത്തെടുക്കില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പോണ്ടിങ് പറഞ്ഞു.
Read Also: ‘സ്‌പൈഡര്‍മാന്‍, സ്‌പൈഡര്‍മാന്‍’ വിക്കറ്റിനു പിന്നിൽ വെറുതെ നിൽക്കാൻ പറ്റില്ല, പാട്ട് പാടി പന്ത്
നാലാം ടെസ്റ്റിൽ ഒരു ദിനം ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 324 റൺസ്, പത്ത് വിക്കറ്റ് കയ്യിലുണ്ട്. അവസാന ദിനം ബോളർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ കൂടുതൽ വിയർക്കും. എങ്കിലും ഓസീസ് ബോളർമാരെ പ്രതിരോധിക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് ചരിത്രമെഴുതാം.
വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുംറ, ആർ.അശ്വിൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ തുടങ്ങിയ മുൻനിര താരങ്ങളുടെ അസാന്നിധ്യത്തിലും അസാമാന്യ ആത്മവിശ്വാസമാണ് ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ പുറത്തെടുത്തത്. ഈ ആത്മവിശ്വാസവും പോരാട്ടവീര്യവും തുടർന്നാൽ നാലാം ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയ്‌ക്ക് സ്വന്തം. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോൾ. ഒരു മത്സരം സമനിലയിലായി. ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ നാലാം ടെസ്റ്റിലെ വിജയം ഇരു ടീമുകൾക്കും അനിവാര്യം.
നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഓസീസ് 294 റൺസിന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ ഓസീസിന് 33 റൺസിന്റെ ലീഡ് ഉണ്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഓസീസിന് വേണ്ടി സ്റ്റീവ് സ്‌മിത്ത് അർധ സെഞ്ചുറി നേടി. 74 പന്തിൽ ഏഴ് ഫോർ സഹിതം 55 റൺസാണ് സ്‌മിത്ത് നേടിയത്. ഡേവിഡ് വാർണർ 75 പന്തിൽ നിന്ന് 48 റൺസും മർകസ് ഹാരിസ് 82 പന്തിൽ നിന്ന് 38 റൺസും കാമറൂൺ ഗ്രീൻ 90 പന്തിൽ 37 റൺസും നേടി ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് നേടി. ഷാർദുൽ താക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി. ഇന്ത്യയ്ക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലുമാണ് ഇപ്പോൾ ക്രീസിൽ. രോഹിത് ശർമ നാല് റൺസ് നേടിയിട്ടുണ്ട്. അഞ്ചാം ദിനമായ നാളെ ആദ്യ സെഷൻ വിക്കറ്റ് നഷ്ടമാകാതെ പൂർത്തിയാക്കാനായിരിക്കും ഇന്ത്യ ലക്ഷ്യമിടുക.