ഇന്ത്യയിൽ കാണാം, നിങ്ങളുടെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കും അത്: ഓസീസ് നായകന്റെ വായടപ്പിച്ച് അശ്വിൻ, വീഡിയോ

ഓസീസ് താരങ്ങൾ ഏറെ അസ്വസ്ഥരായിരുന്നു. പതിവുപോലെ ഇന്ത്യൻ താരങ്ങളെ കങ്കാരുക്കൾ സ്ലെഡ്‌ജ് ചെയ്തു. ഓരോ ബോളിന് ശേഷവും ഓസീസ് താരങ്ങൾ ഇന്ത്യയെ പ്രകോപിപ്പിച്ചു. അതിനിടയിലാണ് ഓസീസ് നായകൻ ടിം പെയ്‌നും ഇന്ത്യൻ താരം ആർ.അശ്വിനും ചൂടേറിയ വെല്ലുവിളികളിൽ ഏർപ്പെട്ടത്, വീഡിയോ കാണാം

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയിൽ കലാശിച്ചു. വിജയത്തോളം വിലയുള്ള സമനിലയാണ് ഇന്ത്യ സിഡ്‌നിയിൽ സ്വന്തമാക്കിയത്. പല താരങ്ങളും പരുക്കിന്റെ പിടിയിൽ ആയതിനാൽ ഈ മത്സരം കെെവിടുമെന്ന് ഇന്ത്യൻ ടീം പോലും കരുതിയിരുന്നു. എന്നാൽ, അവസാനം വരെ ചെറുത്തുനിന്ന് ഓസ്‌ട്രേലിയയുടെ വിജയമോഹങ്ങൾ തല്ലികെടുത്തിയിരിക്കുകയാണ് ഇന്ത്യ.

അനായാസം ജയിക്കാമെന്ന് ഉറപ്പിച്ചാണ് ഓസ്ട്രേലിയ അവസാന ദിനമായ ഇന്ന് കളത്തിലിറങ്ങിയത്. എന്നാൽ, ഇന്ത്യയുടെ ബാറ്റിങ് എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി. അതുകൊണ്ട് തന്നെ ഓസീസ് താരങ്ങൾ ഏറെ അസ്വസ്ഥരായിരുന്നു. പതിവുപോലെ ഇന്ത്യൻ താരങ്ങളെ കങ്കാരുക്കൾ സ്ലെഡ്‌ജ് ചെയ്തു. ഓരോ ബോളിന് ശേഷവും ഓസീസ് താരങ്ങൾ ഇന്ത്യയെ പ്രകോപിപ്പിച്ചു. അതിനിടയിലാണ് ഓസീസ് നായകൻ ടിം പെയ്‌നും ഇന്ത്യൻ താരം ആർ.അശ്വിനും ചൂടേറിയ വെല്ലുവിളികളിൽ ഏർപ്പെട്ടത്.

Read Also: ഫലത്തെക്കുറിച്ച് ചിന്തിച്ചട്ടില്ല, അവസാനം വരെ പോരാടാനായിരുന്നു തീരുമാനം: രഹാനെ

ഇന്ത്യയ്ക്കായി അശ്വിൻ ബാറ്റ് ചെയ്യുകയായിരുന്നു. അതിനിടയിൽ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ പെയ്‌ൻ അശ്വിനെ പ്രകോപിപ്പിച്ചു. “കാത്തിരിക്കാൻ പറ്റുന്നില്ല, നിങ്ങളെ ഗബ്ബയിൽ നേരിടുന്നത്,” വിക്കറ്റിനു പിന്നിൽ നിന്ന് അശ്വിനെ നോക്കി പെയ്‌ൻ പറഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ബ്രിസ്‌ബണിലാണ് നടക്കേണ്ടത്. ബ്രിസ്‌ബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മറ്റൊരു പേരാണ് ഗബ്ബ. നാലാം ടെസ്റ്റിൽ അശ്വിനെ നേരിടുന്നതിനെ കുറിച്ചുള്ള കമന്റാണ് പെയ്‌ൻ കളിക്കിടെ നടത്തിയത്.


പെയ്‌ൻ നടത്തിയ പരാമർശത്തിനു അശ്വിൻ ഉടൻ മറുപടി നൽകി. “നിങ്ങൾ ഇന്ത്യയിലേക്ക് കളിക്കാൻ വരുന്നത് കാത്തിരിക്കാനാവുന്നില്ല. അത് നിങ്ങളുടെ അവസാനത്തെ പരമ്പര ആയിരിക്കും” അശ്വിന്റെ മറുപടി പെയ്‌നെയും പ്രകോപിതനാക്കി. തുടർന്ന് വീണ്ടും താരങ്ങൾ ഒന്നും രണ്ടും പറയുന്നുണ്ടായിരുന്നു.

Read Also: ആരും കാണാത്തതുപോലെ വന്ന് ഗാർഡ് മാർക്ക് മായ്ച്ചു; ചതിയിലൂടെയല്ലാതെ കളിച്ചു ജയിച്ചൂടെയെന്ന് സ്‌മിത്തിനോട് ഇന്ത്യൻ ആരാധകർ

നേരത്തെ, മൂന്നാം ടെസ്റ്റിനിടെയുള്ള ഓസീസ് താരം മാർനസ് ലാബുഷെയ്‌നിന്റെ സ്ലെഡ്‌ജിങ് ചർച്ചയായിരുന്നു. പൊതുവെ കണ്ടുവരുന്ന മൂർച്ഛയേറിയ വാക്കുകൾ ഉപയോഗിച്ചുള്ള സ്ലെഡ്‌ജിങ് ആയിരുന്നില്ല ലാബുഷെയ്‌ൻ നടത്തിയത്. ചിരിച്ചുകൊണ്ട് ബാറ്റ്‌സ്‌മാന് അടുത്തേക്ക് എത്തുകയും ശേഷം വളരെ കൂളായി ഓരോരോ ചോദ്യങ്ങൾ ഉന്നയിച്ച് ബാറ്റ്‌സ്‌മാന്റെ ശ്രദ്ധ തിരിക്കുകയുമായിരുന്നു ഓസീസ് താരത്തിന്റെ ലക്ഷ്യം.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലാണ് ലാബുഷെയ്‌ൻ സ്ലെഡ്‌ജിങ് ആരംഭിച്ചത്. ഓപ്പണർമാരായ ശുഭ്‌മാൻ ഗില്ലും രോഹിത് ശർമയുമാണ് ബാറ്റ് ചെയ്യുന്നത്. പന്തെറിയുന്നത് ഓസ്ട്രേലിയയുടെ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്. ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്നു ലാബുഷെയ്‌ൻ.

ഗില്ലിന്റെ ശ്രദ്ധ തെറ്റിക്കാനായി ലാബുഷെയ്‌ൻ ആദ്യ ചോദ്യം തൊടുത്തുവിട്ടു; “ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട താരം ?” വളരെ കൂളായാണ് ലാബുഷെയ്‌നിന്റെ ആദ്യ ചോദ്യത്തോട് ഗിൽ പ്രതികരിച്ചത്. പ്രിയപ്പെട്ട താരമാരാണെന്ന ചോദ്യത്തിന് “ഇത് കഴിഞ്ഞിട്ട് പറയാം” എന്നു മാത്രമായിരുന്നു ഗില്ലിന്റെ മറുപടി.

Read Also: ‘തട്ടീം മുട്ടീം’ കങ്കാരുക്കളുടെ ക്ഷമ പരീക്ഷിച്ച് ഇന്ത്യ; സിഡ്‌നി ടെസ്റ്റ് സമനിലയിൽ

ഇതുകൊണ്ടൊന്നും നിർത്താൻ ലാബുഷെയ്‌ൻ തയ്യാറല്ലായിരുന്നു. ” ഈ ബോൾ കഴിഞ്ഞിട്ടാണോ ? അതോ കളി കഴിഞ്ഞിട്ടോ ? സച്ചിനാണോ നിങ്ങളുടെ ഇഷ്ടതാരം ? കോഹ്‌ലിയെ ഇഷ്ടമല്ലേ ? ” ചോദ്യങ്ങളുടെ എണ്ണം കൂടിയപ്പോൾ ഗില്ലിന് കാര്യം മനസിലായി. ഗിൽ ഒന്നും മിണ്ടാതെ നിന്നു. എന്നാൽ, ലാബുഷെയ്‌ൻ ഫുൾ ഫോമിൽ സ്ലെഡ്‌ഡിങ് തുടർന്നു. ക്യാച്ചിന് യാതൊരു സാധ്യതയുമില്ലാത്ത പന്ത് ക്യാച്ചാണെന്ന് പറഞ്ഞ് ഓടിയെത്തുക. മറ്റ് താരങ്ങളോട് നിർത്താതെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുക. തുടങ്ങിയ കാര്യങ്ങളെല്ലാം ലാബുഷെയ്‌ൻ തുടർന്നു.

ഗില്ലിന് ശേഷം ലാബുഷെയ്‌നിന്റെ അടുത്ത ഇര രോഹിത് ശർമയായിരുന്നു. ” ക്വാറന്റെെനിൽ എന്തായിരുന്നു പരിപാടി ? ” രോഹിത്തിനോട് ലാബുഷെയ്‌ൻ ചോദിച്ചു. രോഹിത് ഒന്നും മിണ്ടിയില്ല.

മൂന്നാം ടെസ്റ്റിൽ ഉടനീളം ഓസീസ് താരങ്ങൾ ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia sledging tim paine r ashwin

Next Story
പരുക്ക്, ചതി, വംശിയാധിക്ഷേപം; ഇന്ത്യയുടേത് വിജയത്തിന്റെ വിലയുള്ള സമനിലIndia vs Australia, ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്, India Australia 3 rd Test, Ajinkya Rahane, അജിങ്ക്യ രഹാനെ, ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്, Pant Pujara, പന്ത് പുജാര, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com