മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കില്ല. ഭാര്യക്ക് അസുഖമായതിനാല്‍ ഒപ്പം നില്‍ക്കണമെന്ന താരത്തിന്‍റെ ആഗ്രഹത്തിന് ബിസിസിഐ അനുമതി നല്‍കി. പതിനാറംഗ ടീം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ പകരക്കാരനെ നിയോഗിക്കേണ്ടെന്നാണ് തീരുമാനം.

ധവാന്‍റെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സിന് തുടക്കം കുറിക്കാനാണ് സാധ്യത. ധവാന്റെ ആവശ്യപ്രകാരം ടീമില്‍ നിന്ന് ഒഴിവാകാൻ അനുവദിച്ചിട്ടുണ്ടെന്നും ധവാന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. നേരത്തെ ശ്രീലങ്കക്കെതിരായ അവസാന ഏകദിനവും ട്വന്റി-20യും കളിക്കാതെ ധവാന്‍ ഇന്ത്യയിലേക്ക് തിരിച്ചുപോന്നിരുന്നു. അന്ന് ധവാന്റെ അമ്മയ്ക്കായിരുന്നു സുഖമില്ലാതിരുന്നത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ടെസ്റ്റിലും ഏകദിനത്തിലും മികച്ച ഫോമിലായിരുന്നു ധവാന്‍. ടെസ്റ്റില്‍ മാന്‍ ഓഫ് ദി സീരീസ് സ്വന്തമാക്കിയ ധവാന്‍ ആദ്യ ഏകദിനത്തില്‍ സെഞ്ചുറിയും നേടി.

ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 17ന് ചെന്നൈയില്‍ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും. ഇന്‍ഡോര്‍, ബെംഗളൂരു, നാഗ്പുര്‍ എന്നിവിടങ്ങളില്‍ ബാക്കി ഏകദിനങ്ങളും റാഞ്ചി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ട്വന്റി-20യും നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ