ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ രണ്ട് ടെസ്റ്റുകൾ വിരാട് കോഹ്ലിക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കോഹ്ലി കളിച്ചേക്കില്ല. ബിസിസിഐയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും തങ്ങളുടെ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്. ജനുവരിയിൽ അനുഷ്ക കുഞ്ഞിന് ജന്മം നൽകാനാണ് സാധ്യത. അതിനാൽ ഈ സമയത്ത് ഭാര്യക്കൊപ്പം ആയിരിക്കാൻ വേണ്ടി കോഹ്ലി ഓസീസ് പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കാനാണ് സാധ്യത.
കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയോ കെ.എൽ.രാഹുലോ ആയിരിക്കും അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. കോഹ്ലി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ, കോഹ്ലി പറ്റേർണിറ്റി ലീവ് എടുക്കാനാണ് സാധ്യതയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
“കുടുംബത്തിന് പ്രാഥമിക പരിഗണന വേണമെന്നാണ് ബിസിസിഐ എപ്പോഴും വിശ്വസിക്കുന്നത്. പറ്റേർണിറ്റി ലീവ് എടുക്കാൻ ഇന്ത്യൻ നായകൻ ആഗ്രഹിക്കുകയാണെങ്കിൽ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബിസിസിഐ ഉന്നതൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Read Also: കോഹ്ലി ആർസിബി നായകസ്ഥാനം ഒഴിയണം; തുറന്നടിച്ച് ഗംഭീർ
ഡിസംബർ 17 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഡിസംബർ 17 മുതൽ 21 വരെയാണ് ആദ്യ ടെസ്റ്റ്. ഡിസംബർ 26 മുതൽ 30 വരെ രണ്ടാം ടെസ്റ്റ് മത്സരം നടക്കും. ഈ രണ്ട് കളികളിലും കോഹ്ലി ഉണ്ടായിരിക്കും. എന്നാൽ, ജനുവരി ഏഴ് മുതൽ 11 വരെ നടക്കുന്ന മൂന്നാം ടെസ്റ്റും ജനുവരി 15 മുതൽ 19 വരെ നടക്കുന്ന നാലാം ടെസ്റ്റും കോഹ്ലിക്ക് നഷ്ടമായേക്കും.
സാധാരണ നിലയിൽ ആണെങ്കിൽ ഭാര്യയുടെ പ്രസവസമയത്ത് അദ്ദേഹത്തിനു നാട്ടിൽ പോകാം. ശേഷം തിരിച്ചെത്തി നാലാം ടെസ്റ്റ് കളിക്കാവുന്നതേയുള്ളൂ. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോയി കുഞ്ഞിനെ കണ്ട് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരും. അങ്ങനെ വന്നാൽ അവസാന ടെസ്റ്റ് കളിക്കുക അസാധ്യമാണ്. അതുകൊണ്ടാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം ഇന്ത്യൻ നായകൻ ആലോചിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ യുഎഇയിലേക്ക് പോയപ്പോൾ കോഹ്ലിക്കൊപ്പം അനുഷ്കയുണ്ടായിരുന്നു.
മൂന്ന് വീതം മത്സരങ്ങളുള്ള ടി 20, ഏകദിന പരമ്പരയും ഓസീസ് പര്യടനത്തിലുണ്ട്. ടി 20, ഏകദിന മത്സരങ്ങളിൽ കോഹ്ലി മുഴുവനായും ഭാഗമാകും.
ഓസീസ് പര്യടനം ടീം ഇന്ത്യ
ടി 20 സ്ക്വാഡ്: വിരാട് കോഹ്ലി, ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ദീപക് ചാഹർ, വരുൺ ചക്രവർത്തി.
ഏകദിന സ്ക്വാഡ്: വിരാട് കോഹ്ലി, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീന് സൈനി, കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ.
ടെസ്റ്റ് സ്ക്വാഡ്: വിരാട് കോഹ്ലി, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ രാഹുൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്.