മെൽബൺ: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിൽ പൃഥ്വി ഷായെ ഒഴിവാക്കിയേക്കും. ആദ്യ ടെസ്റ്റിലെ പൃഥ്വി ഷായുടെ പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു. അഡ്‌ലെയ്‌ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ റൺസൊന്നുമെടുക്കാതെ പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിങ്‌സിൽ നാല് റൺസ് മാത്രമാണ് നേടിയത്. രണ്ട് ഇന്നിങ്‌സിലും അശ്രദ്ധമായാണ് പൃഥ്വി ഷാ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മോശം പ്രകടനത്തെ തുടർന്ന് പൃഥ്വി ഷാ ഏറെ പഴികേൾക്കുകയും ചെയ്തിരുന്നു.

രണ്ടാം ടെസ്റ്റിൽ പൃഥ്വി ഷായെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റാനാണ് സാധ്യത. കെ.എൽ.രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. മായങ്ക് അഗർവാളിനെ ഓപ്പണർ സ്ഥാനത്ത് നിലനിർത്തും. അഗർവാളിനൊപ്പം രാഹുൽ ഓപ്പണറാകും. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെ പരിഗണിക്കാനും സാധ്യത. വൃദ്ധിമാൻ സാഹയാണ് ആദ്യ ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ആയിരുന്നത്. ബാറ്റിങ്ങിൽ സാഹ നിരാശപ്പെടുത്തി. അതിനാൽ തന്നെ വിദേശ പിച്ചുകളിൽ നല്ല രീതിയിൽ ബാറ്റ് ചെയ്യുന്ന പന്തിനെ രണ്ടാം ടെസ്റ്റിൽ ഉൾപ്പെടുത്തിയേക്കും.

Read Also: ഇന്ത്യൻ ടീമിനെ സഹായിക്കാൻ രാഹുൽ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയയ്ക്കണം: വെങ്‌സർക്കാർ

പേസ് ബൗളർ മൊഹമ്മദ് ഷമി പരുക്കേറ്റ് മടങ്ങിയതും ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. ഷമിക്ക് പകരക്കാരനായി ഇഷാന്ത് ശർമയെ ഓസ്‌ട്രേലിയയിലേക്ക് അയക്കണമെന്ന് ഇന്ത്യയുടെ മുൻതാരം സുനിൽ ഗവാസ്‌കർ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് സ്‌ക്വാഡിൽ ഇടംനേടിയിട്ടുള്ള മൊഹമ്മദ് സിറാജിനാണ് കൂടുതൽ സാധ്യത. ടീമിൽ ഇടം നേടാൻ സാധിച്ചാൽ സിറാജിന്റെ അരങ്ങേറ്റ മത്സരമായിരിക്കും രണ്ടാം ടെസ്റ്റ്.

പരുക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജഡേജയെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കാൻ സാധ്യതയുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും. അതേസമയം, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഉടൻ നാട്ടിലേക്കു മടങ്ങും. ആദ്യ ടെസ്റ്റിലെ ദയനീയ തോൽവി ടീം അംഗങ്ങളെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങും മുൻപ് ടീം അംഗങ്ങളെ ഓരോരുത്തരുമായും കോഹ്‌ലി പ്രത്യേക ചർച്ച നടത്തും.

സാധ്യതാ ടീം: മായങ്ക് അഗർവാൾ, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ജസ്‌പ്രീത് ബുംറ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook