/indian-express-malayalam/media/media_files/uploads/2020/12/Hardik-Pandya.jpg)
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. സിഡ്നിയിൽ നടന്ന രണ്ടാം മത്സരം ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ടി20യിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഓസ്ട്രേലിയ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റും രണ്ട് പന്തും ബാക്കി നിർത്തി ഇന്ത്യ മറികടന്നു. മികച്ച തുടക്കം നൽകിയ ധവാന്റെയും കോഹ്‌ലിയുടെയും അവസാന ഓവറഉകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യയുടെയും ബാറ്റിങ് മികവിലാണ് കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിയത്.
ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രാഹുൽ - ധവാൻ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 30 റൺസെടുത്ത രാഹുൽ മടങ്ങിയപ്പോൾ നായകൻ കോഹ്‌ലി ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തു. 36 പന്തിൽ 4 സിക്സും രണ്ട് ഫോറും അടക്കം 52 റൺസ് നേടിയ ധവാനും പിന്നാലെ 15 റൺസുമായി സഞ്ജുവും പുറത്തായപ്പോഴും ക്രീസിൽ നിലയുറപ്പിച്ച കോഹ്‌ലി സ്കോറിങ്ങിന്റെ വേഗത കൂട്ടി. 24 പന്തിൽ 40 റൺസെടുത്ത കോഹ്‌ലിയെ അരങ്ങേറ്റക്കാരൻ ഡാനിയേൽ സാംസാണ് പുറത്താക്കിയത്.
ശ്രേയസിന് മുന്നെ പാണ്ഡ്യയെ ക്രീസിലെത്തിച്ച കോഹ്‌ലിയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. തുടക്കം മുതൽ അക്രമിച്ച് കളിച്ച പാണ്ഡ്യ വിജയത്തിലേക്കുള്ള ദൂരം കുറച്ചു കൊണ്ടുവന്നു. ശ്രേയസ് അയ്യരും മികച്ച പിന്തുണ നൽകിയതോടെ അവസാന അഞ്ച് പന്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസ്. ഒന്ന് ഇടവിട്ട പന്തുകൾ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. പരമ്പരയും സന്ദർശകർക്ക്.
നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. അർധസെഞ്ചുറി നേടിയ മാത്യു വെയ്ഡിന്റെയും മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്തിന്റെയും ഇന്നിങ്സാണ് കങ്കാരുക്കളെ മികച്ച സ്കോറിലെത്തിച്ചത്.
ഫിഞ്ചിന്റെ അഭാവത്തിൽ ടീമിനെ നയിക്കാൻ നിയോഗിക്കപ്പെട്ട മാത്യു വെയ്ഡ് തകർത്തടിച്ചതോടെ തുടക്കം മുതൽ മികച്ച റൺറേറ്റ് കണ്ടെത്തിയ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. 9 റൺസെടുത്ത ഡാഴ്സി ഷോട്ട് പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് വെയ്ഡിന് മികച്ച പിന്തുണ നൽകി. 32 പന്തിൽ പത്ത് ഫോറും ഒരു സിക്സും അടക്കം 58 റൺസെടുത്ത മാത്യു വെയ്ഡനെ റൺഔട്ടിലൂടെ പുറത്താക്കിയ കോഹ്‌ലിയും രാഹുലും ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.
എന്നാൽ തകർത്തടിച്ച സ്റ്റീവ് സ്മിത്ത് 38 പന്തിൽ 46 റൺസ് കണ്ടെത്തി. 13 പന്തിൽ 22 റൺസ് നേടിയ ഗ്ലെൻ മാക്സ്‌വെല്ലും 18 പന്തിൽ 26 റൺസുമായി മോസസ് ഹെൻറിഖസും ടീം സ്കോറിൽ കാര്യമായ സംഭാവന നൽകിയ ശേഷമാണ് ക്രീസ് വിട്ടത്. 16 റൺസ് നേടിയ മാർക്കസ് സ്റ്റൊയ്നിസും 8 റൺസുമായി ഡാനിയേൽ സാംസും പുറത്താകാതെ നിന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.