സിഡ്‌നി: കൂറ്റൻ സ്കോറിന് മുന്നിൽ ഒരിക്കൽ കൂടി ഇന്ത്യ അടിയറവ് പറഞ്ഞപ്പോൾ ഓസ്ട്രേലിയയ്ക്ക് പരമ്പര നേട്ടം. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി ആതിഥേയർ പരമ്പര സ്വന്തമാക്കി. 51 റൺസിന്റെ വിജയമാണ് രണ്ടാം മത്സരത്തിൽ കങ്കാരുക്കൾ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

മറുപടി ബാറ്റിങ്ങിൽ ആദ്യ പത്ത് ഓവറിൽ തന്നെ ഓപ്പണർമാരെ നഷ്ടമായ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ 60ൽ എത്തിയപ്പോൾ ഓപ്പണർമാരായ മായങ്ക് അഗർവാളും ശിഖർ ധവാനും പുറത്തായി. 30 റൺസ് നേടിയ ശിഖർ ധവാനെ ഹെയ്സൽവുഡ് സ്റ്റാർക്കിന്റെ കൈകളിലെത്തിച്ചപ്പോൾ മായങ്കിനെ (28) പാറ്റ് കമ്മിൻസാണ് കൂടാരം കയറ്റിയത്. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടെ 38 റൺസുമായി ശ്രേയസ് അയ്യരും പുറത്തായി.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലി – രാഹുൽ സഖ്യം ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും ലക്ഷ്യം പൂർത്തികരിക്കാതെ 89 റൺസെടുത്ത കോഹ്‌ലിയും 76 റൺസുമായി കെ.എൽ രാഹുലും കൂടാരം കയറി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ തോൽവിയുടെ ആഘാതം കുറച്ച പാണ്ഡ്യ ഇന്ന് 28 റൺസിന് പുറത്തായപ്പോൾ കൂട്ടനടിക്ക് ശ്രമിച്ച ജഡേജയുടെ ഇന്നിങ്സ് 24 റൺസിനും അവസാനിച്ചു. വാലറ്റം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതോടെ ഓസ്ട്രേലിയ ജയം ഉറപ്പിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 389 റൺസാണ് അടിച്ചെടുത്തത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്ത് രണ്ടാം ഏകദിനത്തിലും അതേ ഫോം ആവർത്തിച്ചു. വെറും 64 പന്തിൽ നിന്ന് 14 ഫോറും രണ്ട് സിക്‌സും സഹിതമാണ് സ്‌മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. ക്രീസിൽ എത്തിയപ്പോൾ മുതൽ വളരെ ആക്രമണകാരിയായി സ്‌മിത്ത് ബാറ്റ് വീശി.

Image

ആദ്യ മത്സരത്തിലേക്കാൾ പ്രഹരശേഷിയോടെ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റ് വീശിയപ്പോൾ ഓസ്‌ട്രേലിയൻ സ്‌കോർ ബോർഡ് അതിവേഗം ചലിച്ചു. മാക്‌സ്‌വെൽ വെറും 29 പന്തിൽ നിന്ന് പുറത്താകാതെ 63 റൺസ് അടിച്ചുകൂട്ടി. നാല് ഫോറും നാല് സിക്‌സും സഹിതമാണ് മാക്‌സ്‌വെൽ 63 റൺസെടുത്തത്.

Image

Read Also: സാരമില്ല, ആവശ്യത്തിനു പാഡുണ്ട്; വയറിൽ തൊട്ടുനോക്കാനെത്തിയ രാഹുലിനെ തിരിച്ചിടിച്ച് ഫിഞ്ച്, വീഡിയോ

ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. 142 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. വാർണറും ഫിഞ്ചും അർധ സെഞ്ചുറി നേടി. വാർണർ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 77 പന്തിൽ നിന്ന് 83 റൺസ് നേടി പുറത്തായി. ആരോൺ ഫിഞ്ച് ആറ് ഫോറും ഒരു സിക്‌സും സഹിതം 60 പന്തിൽ നിന്ന് 69 റൺസും നേടി. മാർനസ് ലാബുഷാനെയും ഓസീസിന് വേണ്ടി അർധ സെഞ്ചുറി നേടി. 61 പന്തിൽ അഞ്ച് ഫോർ സഹിതം 70 റൺസ് നേടിയാണ് ലബുഷാനെ പുറത്തായത്.

ഇന്ത്യയ്‌ക്ക് വേണ്ടി ജസ്‌പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, മൊഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് നേടി. നവ്‌ദീപ് സൈനി വെറും ഏഴ് ഓവറിൽ 70 റൺസ് വിട്ടുകൊടുത്തു. സൈനിയിടെ ഇക്കോണമി റേറ്റ് 10 ആണ്. ബുംറ പത്ത് ഓവറിൽ നിന്ന് 79 റൺസ് വിട്ടുകൊടുത്തപ്പോൾ ഷമി ഒൻപത് ഓവറിൽ നിന്ന് വിട്ടുകൊടുത്തത് 73 റൺസ്. യുസ്‌വേന്ദ്ര ചഹൽ ഒൻപത് ഓവറിൽ നിന്ന് 71 റൺസും ജഡേജ പത്ത് ഓവറിൽ 60 റൺസും വിട്ടുകൊടുത്തു. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ നിന്ന് 24 റൺസ് മാത്രമാണ് വഴങ്ങിയത്. പാർട് ടൈം ബൗളറായി പരീക്ഷിച്ച മായങ്ക് അഗർവാൾ ഒരോവറിൽ പത്ത് റൺസ് വിട്ടുകൊടുത്തു.

സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം. സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ആദ്യ ഏകദിനത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തി. അതേസമയം, പരുക്കേറ്റ മാർകസ് സ്റ്റോയ്‌നിസിന് പകരം മോയ്‌സസ് ഹെൻറികസിനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തി.

പ്ലേയിങ് ഇലവൻ

ഓസ്‌ട്രേലിയ: ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, സ്റ്റീവ് സ്‌മിത്ത്, മാർനസ് ലാബുഷാനെ, ഗ്ലെൻ മാക്‌സ്‌വെൽ, മോയ്‌സസ് ഹെൻറികസ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോ ഹെയ്‌സൽവുഡ്

ഇന്ത്യ: ശിഖർ ധവാൻ, മായങ്ക് അഗർവാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവ്‌ദീപ് സെെനി, മൊഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook